വാഴ്സോ: പോളണ്ടിലെ പ്രസെവോഡോവിൽ പതിച്ച മിസൈൽ റഷ്യയുടേതല്ലെന്ന് പോളീഷ് പ്രസിഡന്റ് ആൻഡ്രേ ഡുഡ. യുക്രെയ്ന്റെ വ്യോമ പ്രതിരോധ മിസൈലായിരിക്കാം പതിച്ചത്. റഷ്യയുടെ മനപൂർവമായ ആക്രമണമാണെന്ന് സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ആൻഡ്രേ ഡുഡ അറിയിച്ചു.
തങ്ങൾക്കും തങ്ങളുടെ സഖ്യകക്ഷികൾക്കും ലഭിച്ച വിവരങ്ങളിൽ നിന്ന്, ഇത് സോവിയറ്റ് യൂണിയനിൽ നിർമിച്ച എസ് -300 എന്ന പഴയ റോക്കറ്റാണ്, ഇത് റഷ്യയാണ് വിക്ഷേപിച്ചതെന്നതിന് തെളിവുകളൊന്നുമില്ല. യുക്രെയ്ൻ വ്യോമ പ്രതിരോധത്തിന്റെ ഭാഗമാണിതെന്നും ഡുഡ കൂട്ടിച്ചേർത്തു.
റഷ്യ മിസൈൽ തൊടുത്തുവിട്ടതാകാൻ സാധ്യതയില്ലെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പരസ്യമായി പറഞ്ഞിരുന്നു. മിസൈൽ വിക്ഷേപിച്ചത് റഷ്യയാകാനിടയില്ല എന്നാണ് ബൈഡൻ അഭിപ്രായപ്പെട്ടത്. മിസൈൽ റഷ്യൻ നിര്‍മിതമെന്ന് പോളണ്ട് വ്യക്തമാക്കിയപ്പോൾ ആണ് ബൈഡൻ നിലപാട് അറിയിച്ചത്. റഷ്യയുടെ മിസൈൽ ആയിരിക്കുമെങ്കിലും വിക്ഷേപിച്ചത് റഷ്യയല്ലെന്നാണ് നാറ്റോയെ യു എസ് പ്രസിഡന്റ് അറിയിച്ചത്. മിസൈലിന്റെ സഞ്ചാരപഥം വച്ചാണ് യു എസ് പ്രസിഡന്റ് നിർണായകമായ നിഗമനമത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.
സ്ഫോടനത്തിനു പിന്നിൽ യുക്രൈന്റെ വ്യോമ പ്രതിരോധ സംവിധാനമാകാം എന്ന സൂചനയും അമേരിക്ക നാറ്റോയോട് പങ്കുവച്ചെന്നാണ് റിപ്പോര്‍ട്ട്. നാറ്റോ അംഗരാജ്യമാണ് പോളണ്ട്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ സായുധ ആക്രമണം ഉണ്ടായാൽ അതിനെ പ്രതിരോധിക്കണമെന്നതാണ് നാറ്റോയിലെ ധാരണ. എന്നാൽ റഷ്യയുടെ ആക്രമണമല്ലെന്ന അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട് വന്നതോടെ നാറ്റോയുടെ തീരുമാനവും അതിനനുസരിച്ചാകും. സംഭവത്തിൽ പോളിഷ് ഗവണ്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പോളണ്ടിന്റെ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം ഉണ്ടാകുക.
















