കൊച്ചി: എറണാകുളത്ത് ഇന്ന് വിതരണക്കാരുമായി സ്വിഗ്ഗി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ അനിശ്ചിതകാല സമരം തുടരും. മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് യോഗത്തിൽ സ്വിഗ്ഗി വ്യക്തമാക്കിയതോടെ സമരം തുടരുമെന്ന് വിതരണക്കാരുടെ സംഘടന അറിയിക്കുകയായിരുന്നു. . ജില്ലാ ലേബർ ഓഫീസറുടെ മധ്യസ്ഥതയിൽ ആയിരുന്നു ചർച്ച നടന്നത്.
മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കിമി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്.
പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുക. തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നാണ് ഇവരുടെ പരാതി. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് സ്വിഗ്ഗി വിതരണക്കാര്‍ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്.
















