തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.ശനിയാഴ്ച എട്ട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഇതേ ജില്ലകളിൽ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാനാണ് സാദ്ധ്യത. നവംബർ 10 മുതൽ 12 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്‌നാട് പുതുച്ചേരി തീരത്തേയ്ക്ക് നീങ്ങാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
















