തിരുവനന്തപുരം: സംസ്ഥാനത്തെ പേവിഷബാധാ മരണങ്ങളെ കുറിച്ചുള്ള വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തോമസ് മാത്യു ചെയർമാനായ കമ്മിറ്റിയാണ് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്. വാക്‌സിനെടുത്തിട്ടും ആറുപേർ മരിച്ചത് ആഴത്തിലുള്ള മുറിവ് കാരണമെന്നാണ് റിപ്പോർട്ടിലുള്ളത്.
മരണമടഞ്ഞ 21 വ്യക്തികളില്‍ 15 പേരും മൃഗങ്ങളുടെ കടിയേറ്റത് അവഗണിക്കുകയും പ്രതിരോധ ചികിത്സ എടുക്കാത്തവരുമാണെന്ന് റിപ്പോർട്ട് പറയുന്നു. 6 വ്യക്തികള്‍ക്ക് വാക്‌സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നീ പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഞരമ്പുകളുടെ സാന്ദ്രത കൂടുതലുള്ള മുഖം, ചുണ്ട്, ചെവി, കണ്‍പോളകള്‍, കഴുത്ത്, കൈ വെള്ള എന്നിവിടങ്ങളില്‍ ഗുരുതരവും ആഴമേറിയതുമായ കാറ്റഗറി 3 മുറിവേറ്റവരാണ്. അതിനാല്‍ കടിയേറ്റപ്പോള്‍ തന്നെ റാബീസ് വൈറസ് ഞരമ്പുകളില്‍ കയറിയിട്ടുണ്ടാവാമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.
വാക്‌സിന്‍, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവ കേന്ദ്ര ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വാക്‌സിന്‍ എടുത്ത വ്യക്തികളില്‍ പ്രതിരോധശേഷി കൈവരുത്തുന്ന ആന്റിബോഡികളുടെ സാന്നിധ്യം ആവശ്യമുള്ള തോതില്‍ ഉണ്ടെന്ന് ബെംഗളൂരു നിംഹാന്‍സില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
മൃഗങ്ങളുടെ കടിയേല്‍ക്കാനുള്ള സാഹചര്യം, പ്രഥമ ശുശ്രൂഷയുടെ വിവരങ്ങള്‍, പ്രതിരോധ കുത്തിവയ്പിന്റെ വിശദാംശങ്ങള്‍, പ്രതിരോധ മരുന്നുകളുടെ ലഭ്യത, വാക്‌സിന്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, ചികിത്സാരേഖകള്‍, സ്ഥാപനങ്ങളിലെ സൗകര്യങ്ങള്‍ എന്നിവ കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടും മരണപ്പെട്ട വ്യക്തികളുടെ ഭവനസന്ദര്‍ശനം നടത്തുകയും ബഡുക്കളുടെ പക്കല്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുമാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്‌സീനുകൾ ഗുണനിലവാരമുള്ളവയാണ്. വാക്‌സീൻ എടുക്കാൻ വിമുഖത കാണിക്കുന്നത് ഗൗരവമായി കാണണമെന്നും റിപോർട്ടിൽ പരാമർശിക്കുന്നു.
















