തന്റെ വീട്ടില്‍ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജി നല്‍കിയ ഹര്‍ജി തള്ളി കോഴിക്കോട് വിജിലന്‍സ് കോടതി. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 2020 ജനുവരിയിലാണ് കെ.എം. ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. എന്നാല്‍ പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പിനായി പിരിച്ചെടുത്ത പണമെന്നായിരുന്നു ഷാജി പറഞ്ഞത്.
പണം തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെഎം ഷാജി ഹാജരാക്കിയ രേഖകളില്‍ കോടതി കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതില്‍ പണം പിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോ എന്ന് കോടതി ചോദിച്ചു.
2013ല്‍ അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ഷാജിക്കെതിരായ കേസ്. ഷാജിക്ക് വരവിൽ കൂടുതൽ സ്വത്ത് ഉള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.