ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി ആംആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ. ‘ഞാൻ നിങ്ങളുടെ സഹോദരനാണ്, കുടുംബാംഗം. എനിക്ക് ഒരു അവസരം തരൂ… ഞാൻ നിങ്ങൾക്ക് സൗജന്യ വൈദ്യുതി തരാം. സ്‌കൂളുകളും ആശുപത്രികളും നിർമിച്ചുതരാം. നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം…’ ട്വിറ്ററിലടക്കം പങ്കുവെച്ച വീഡിയോയിൽ കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിൽ മുഖ്യ പ്രതിപക്ഷം കോൺഗ്രസ് ആണെങ്കിലും ‘ആപ്പാണ്’ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയോട് നേർക്കുനേർ നിൽക്കുന്നത്. ഗുജറാത്ത് ഡല്‍ഹി വികസന മാതൃകൾ തമ്മിലുള്ള താരതമ്യമായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആദ്യ ഘട്ടത്തിൽ ആയുധമാക്കിയതെങ്കിൽ പിന്നീട് ഹിന്ദുത്വ ലൈനിലേക്ക് മാറുന്നത് കണ്ടു. കറൻസിയിൽ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യവും അദ്ദേഹം ഉയർത്തി.
സംസ്ഥാനത്ത് എക്കാലവും 40 ശതമാനം വോട്ടെങ്കിലും കിട്ടുന്ന കോൺഗ്രസിന് ആപ്പിന്‍റെ വരവ് ക്ഷീണമാവുമെന്നാണ് പ്രവചനം. നേതാക്കളുടെ കൊഴിഞ്ഞ് പോക്കും പട്ടേൽ സമുദായം അകന്നതും ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിയാവും. 2002 ൽ നേടിയ 127 സീറ്റാണ് ബിജെപിക്ക് സംസ്ഥാനത്ത് കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷം. അത് മറികടക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷയും സർവേ ഫലങ്ങൾ നൽകുന്ന സൂചനയും.
ഡിസംബർ ഒന്നിനും അഞ്ചിനുമായി ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ‘തങ്ങൾ തീർച്ചയായും വിജയിക്കും’ എന്ന് കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചിരുന്നു. ഈ പ്രാവിശ്യം ഗുജറാത്തിലെ ജനങ്ങൾ വലിയ മാറ്റത്തിന് തയ്യാറാണെന്നും അദ്ദേഹം കുറിച്ചു. ഇതിന് ശേഷമാണ് ‘ഗുജറാത്തിലെ ജനങ്ങൾക്കുള്ള എന്റെ സ്‌നേഹ സന്ദേശം’ എന്ന പേരിൽ ഗുജറാത്തിയിലുള്ള ഒരു മിനിട്ട് വീഡിയോ പുറത്തുവിട്ടത്.
130 പേർ കൊല്ലപ്പെട്ട മോർബി തൂക്കുപാലത്തകർച്ചയിൽ ബിജെപിക്കെതിരെ അഴിമതി ആരോപണവും എഎപി ഉന്നയിക്കുന്നുണ്ട്. പഞ്ചാബിന് ശേഷം ഗുജറാത്തിലും വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എഎപി. ‘182ൽ 90-95 സീറ്റുകൾ ഞങ്ങൾ വിജയിക്കും. ഇതേ ആവേശം തുടർന്നാൽ 140-150 സീറ്റുകൾ വരെ ലഭിക്കും’ എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഇക്കുറി 182 സീറ്റുകളിലും എഎപി മത്സരിക്കുന്നുണ്ട്. 2017ൽ 30 സീറ്റുകളിൽ മത്സരിച്ചിരുന്നുവെങ്കിലും ഒരു സ്വാധീനവുമുണ്ടാക്കാൻ പാർട്ടിക്കായിരുന്നില്ല.
രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4.9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 51,782 പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്.