ഇസ്ലാമബാദ്: പാകിസ്താന്‍ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന് നേരെ വെടിയുതിർത്തയാൾ അറസ്റ്റിൽ. സംഭവസ്ഥലത്ത് വെച്ച് തഹ്‌രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾ പലവട്ടം വെടിയുതിർത്തതോടെ ഒരാൾ കൊല്ലപ്പെടുകയും ഇംറാനടക്കമുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലോംഗ് മാർച്ചെന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി വസീറാബാദിലെത്തിയിരിക്കെയാണ് സംഭവം നടന്നത്. റാലിക്കിടെ കാലിനാണ് ഇംറാന് വെടിയേറ്റത്. ഫൈസൽ ജാവേദ്, അഹമ്മദ് ചറ്റ എന്നിവർക്കും സംഭവത്തിൽ പരിക്കേറ്റു. പരിക്കേറ്റ ഇംറാനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇംറാൻ ഖാനെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് പി.ടി.ഐ ആരോപിക്കുന്നത്.
ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്കാണ് ഇംറാൻ രണ്ടാം ലോങ് മാർച്ച് ആരംഭിച്ചിരുന്നത. 350 കിലോമീറ്റർ ദൂരത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചിരുന്നത്. നവംബർ നാലോടെ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തിൽ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തിരുന്നത്.