വാഷിംഗ്ടൺ: ട്വിറ്ററിനെ ഏറ്റെടുത്ത ഇലോണ്‍ മസ്ക് താമസിയാതെ 3,700 ജീവനക്കാരെ പുറത്താക്കുമെന്ന് റിപ്പോർട്ട്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി 50 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനാണ് മസ്കിന്റെ തീരുമാനം. നാളെ ഇത് സംബന്ധിച്ച കാര്യം ഇലോണ്‍ മസ്ക് ജീവനക്കാരെ അറിയിക്കും.
കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്. 44 ബില്യൺ ഡോളറിനാണ് ട്വിറ്റർ ഇലോണ്‍ മസ്ക് ഏറ്റെടുത്തത്. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യ നടപടിയായി സിഇഒ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചു വിട്ടിരുന്നു.
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ, ഫിനാൻസ് ചീഫ് നെഡ് സെഗാൾ, സീനിയർ ലീഗൽ സ്റ്റാഫർമാരായ വിജയ ഗാഡ്‌ഡെ, സീൻ എഡ്‌ജെറ്റ് എന്നിവരെയാണ് മസ്‌ക് ആദ്യം പുറത്താക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ, ചീഫ് മാർക്കറ്റിംഗ് ഓഫീസർ ലെസ്ലി ബെർലാൻഡ്, ചീഫ് കസ്റ്റമർ ഓഫീസർ സാറാ പെർസൊനെറ്റ്, ഗ്ലോബൽ ക്ലയന്റ് സൊല്യൂഷൻസിന്റെ വൈസ് പ്രസിഡന്റായിരുന്ന ജീൻ ഫിലിപ്പ് മാഹ്യൂ എന്നിവരെ പുറത്താക്കി.