ഖനന അഴിമതിക്കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ ഡിയുടെ നോട്ടീസ്. നാളെ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഖനന അഴിമതിക്കേസിൽ കേസിൽ സോറന്റെ സഹായി പങ്കജ് മിശ്രയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഹേമന്ത് സോറന് നോട്ടീസ് നൽകിയത് . പങ്കജ് മിശ്രയും ബിസിനസ് കൂട്ടാളികളുമായി ബന്ധമുള്ള ജാർഖണ്ഡിലെ 18 സ്ഥലങ്ങളിലും ജൂലൈ എട്ടിന് അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു.
മിശ്രയ്ക്കും മറ്റുള്ളവർക്കും എതിരെ മാർച്ചിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി കേസെടുത്തതിന് ശേഷമാണ് തിരച്ചിൽ നടത്തിയത്. പ്രതി പങ്കജ് മിശ്ര സമ്പാദിച്ച 42 കോടി രൂപയുടെ കുറ്റകൃത്യങ്ങളുടെ വരുമാനം ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പ്രതിനിധിയും ജാർഖണ്ഡിലെ സാഹെബ്ഗഞ്ചിലെ ബർഹൈത്തിൽ നിന്നുള്ള എംഎൽഎയുമായ പങ്കജ് മിശ്ര തന്റെ കൂട്ടാളികളിലൂടെ അനധികൃത ഖനന ബിസിനസുകളും ഉൾനാടൻ ഫെറി സർവീസുകളും നിയന്ത്രിക്കുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു.പങ്കജ് മിശ്ര ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം ആരംഭിച്ചത്.