ബെംഗളൂരു: നാടകറിഹേഴ്‌സലിനിടെ ഏഴാം ക്ലാസുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ 12കാരന്‍ സുജയ് ഗൗഡയാണ് മരിച്ചത്. സ്‌കൂളില്‍ കന്നട രാജ്യോത്സവത്തിന്റെ ഭാഗമായി അവതരിപ്പിക്കാനുള്ള നാടകം വീട്ടിൽ പരിശീലിക്കുന്നതിനിടെയാണ് സംഭവം.നാടകത്തില്‍ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിങ്ങിന്റെ വേഷമാണ് സുജയ് അവതരിപ്പിക്കുന്നത്. വീട്ടിലെ സീലിങ് ഫാനില്‍ ഭഗത് സിങ്ങിനെ തൂക്കിലേറ്റുന്ന ഭാഗം റിഹേഴ്‌സല്‍ ചെയ്യുന്നതിനിടെ കാല്‍തെറ്റി കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞായറാഴ്ച വൈകീട്ട് സുജയിന്റെ അമ്മ വീട്ടിലെത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ തുറന്നപ്പോള്‍ കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.