ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. തലസ്ഥാനമായ അഹമ്മദാബാദിൽനിന്ന് 200 കിലോമീറ്റർ അകലെ മോർബിയിൽ മച്ചു നദിക്കു കുറുകെയുള്ള പാലം ഞായറാഴ്ച വൈകുന്നേരം 6.30 ഓടെയാണ് തകർന്നത്.
നദിയുടെ പകുതിഭാഗത്തുവച്ച് രണ്ടായി മുറിഞ്ഞ പാലത്തിന്റെ ഇരുഭാഗത്തും ആളുകൾ കുടുങ്ങുകയായിരുന്നു. നാൽപ്പതുപേരെ രക്ഷപ്പെടുത്തിയെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു.
ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പാലം അറ്റകുറ്റപ്പണിക്കുശേഷം ഗുജറാത്ത് പുതുവത്സരദിനമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണു തുറന്നുനൽകിയത്. ആറുമാസം സമയമെടുത്ത് ഒരു സ്വകാര്യകന്പനിയാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്.