ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിവാദ പ്രസംഗം നടത്തിയ കേസിൽ അസം ഖാനെ റാംപൂർ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി സ്പീക്കർ. ഇതേ കേസിൽ ഇന്നലെ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് നടപടി. മൂന്ന് വർഷം തടവും 25000 രൂപയുമായിരുന്നു ശിക്ഷ.
അപ്പീൽ നൽകാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ഈ കാലയളവിൽ കോടതി അസം ഖാന് ജാമ്യം നൽകിയിട്ടുണ്ട്. അപ്പീൽ തള്ളി ശിക്ഷ അനുഭവിക്കേണ്ടി വന്നാൽ അസം ഖാന് എംഎൽഎ സ്ഥാനം നഷ്ടപ്പെടും.
ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. പരാതികൾക്കായി കാത്തു നിൽക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്ന് സുപ്രിം കോടതി പറഞ്ഞു. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേർന്നതല്ല വിദ്വേഷ പ്രസംഗങ്ങൾ. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
2019ലാണ് അസംഖാൻ യോഗിക്കെതിരായ വിവാദ പ്രസംഗം നടത്തിയത്. യോഗി ആദിത്യനാഥിനെയും ജില്ലാ മജിസ്‌ട്രേറ്റായിരുന്ന അഞ്ജനേയ കുമാർ സിംഗ് ഐഎഎസിനെയും അസംഖാൻ പ്രസംഗത്തിൽ വിമർശിച്ചിരുന്നു. തുടർന്ന് പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് കേസും രജിസ്റ്റർ ചെയ്തു. ഇന്നലെ റായ്പൂർ കോടതിയാണ് കേസിൽ അസം ഖാൻ കുറ്റക്കാരനാണെന്ന് വിധിച്ചത്.
തട്ടിപ്പ് കേസിൽ രണ്ട് വർഷത്തോളം ജയിലിലായിരുന്ന അസം ഖാന് അടുത്തിടെയാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകൾ അസംഖാനെതിരെ നിലവിലുണ്ട്.