ലഖ്‌നൗ: ഉത്തർപ്രദേശിൽ വിഷം കലർന്ന ചായ കുടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം. മെയിൻപുരി ഗ്രാമത്തിലാണ് സംഭവം. രണ്ട് കുട്ടികൾ ഉൾപ്പെടെ നാലുപേരാണ് മരിച്ചത്. ശിവ് നന്ദൻ (35), മക്കളായ ശിവാംഗ് (6), ദിവാംഗ് (5), ഭാര്യപിതാവ് രവീന്ദ്ര സിങ് (55) എന്നിവരാണ് മരിച്ചത്.
ചായപ്പൊടിയ്ക്ക് പകരം തിളച്ച വെള്ളത്തിൽ അബദ്ധത്തിൽ കീടനാശിനി ചേർത്തതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ശിവ് നന്ദനും ഭാര്യയും രണ്ട് കുട്ടികളും ഉത്തർപ്രദേശിലെ മെയിൻപുരിയിലായിരുന്നു താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഭാര്യപിതാവായ രവിന്ദ്ര സിങ് (55) ശിവ് നന്ദയുടെ വീട്ടിലെത്തിയപ്പോൾ മുത്തച്ഛന് ചായ കൊടുക്കാൻ വേണ്ടി ആറുവയസുകാരനായ ശിവാംഗ് അടുക്കളയിൽ കയറിയതായിരുന്നു. ഈ സമയം കുട്ടികളുടെ അമ്മ പശുവിനെ കറക്കുകയായിരുന്നു. ചായപ്പൊടിക്ക് പകരം അടുക്കളയിലുണ്ടായിരുന്ന കീടനാശിനി കുട്ടി തിളയ്ക്കുന്ന വെള്ളത്തില്‍ ഇട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്.
രവീന്ദ്ര സിങ് (55), ശിവ് നന്ദൻ (35), ശിവാങ് (6), ദിവാങ് (5) എന്നിവരും അയല്‍വാസിയായ സോബ്രാൻ സിങ്ങും കുട്ടി കൊണ്ടുവന്ന ചായ കുടിച്ചു. ചായ കുടിച്ചതിന് പിന്നാലെ അഞ്ചുപേര്‍ക്കും ശാരീരിക അസ്വസ്ഥത തുടങ്ങി. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് അഞ്ചുപേരെയും മെയിൻപുരിയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഇവിടെവച്ച് രവീന്ദ്ര സിങ്, ശിവാങ്, ദിവാങ് എന്നിവർ മരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ പിതാവ് ശിവ് നന്ദനെയും സോബ്രാനെയും ഇറ്റാവയിലെ സഫായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കി മാറ്റി. എന്നാല്‍ ചികിത്സയിലിരിക്കെ സോബ്രാനും മരണപ്പെട്ടു. ശിവ് നന്ദൻ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.