തിരുവനന്തപുരം: ഗവർണറുടെ നടപടിയിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യുഡിഎഫ് നേതാക്കളോട് ആശയവിനമയം നടത്തിയിട്ടാണ് താൻ നിലപാട് പറഞ്ഞത്. ബിജെപിയുടേയോ പിണറായിയുടേയോ തന്ത്രത്തിൽ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ തെറ്റുതിരുത്തിയത് സ്വാഗതം ചെയ്യുന്നുവെന്നാണ് പറഞ്ഞത്. പതിനൊന്നരയ്ക്ക് വിസിമാര്‍ രാജിവയ്ക്കണമെന്നതല്ല സ്വാഗതം ചെയ്തത്. ഗവര്‍ണറുടെ നടപടികളോടു പ്രതിപക്ഷത്തിനു യോജിപ്പില്ല. സുപ്രീം കോടതി വിധിപ്രകാരം വിസിമാര്‍ക്കു തുടരാനാകില്ല. വിധി എല്ലാ വിസി നിയമനങ്ങള്‍ക്കും ബാധകമാണെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരും ഒരു വശത്തായിരുന്നു. നിയമനങ്ങള്‍ മുഴുവനും നടത്തിയത് ഇരുവരും ഒരുമിച്ചാണ്. കോടതിയിലും ഇരുവരും ഒരുമിച്ചായിരുന്നു. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗവര്‍ണര്‍ തെറ്റു തിരുത്തിയത്. ഗവര്‍ണര്‍ തെറ്റ് ചെയ്തത് കൊണ്ടാണല്ലോ, തെറ്റ് തിരുത്തിയത്. അതിനെയാണ് സ്വാഗതം ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.
മന്ത്രിസഭയിൽനിന്ന് മന്ത്രിസഭാ അംഗങ്ങളെ പിൻവലിക്കാൻ ഗവർണർക്ക് അധികാരമുണ്ട് എന്നു പറഞ്ഞപ്പോൾ ഗവർണർക്ക് ഒരു തരത്തിലുള്ള അധികാരവും ഇല്ലെന്നാണ് പ്രതിപക്ഷം അന്നു പറഞ്ഞത്. ഇപ്പോൾ യുജിസി ചട്ടങ്ങൾ ലംഘിച്ചു നടന്ന വിസി നിയമനങ്ങളെല്ലാം നിയമവിരുദ്ധമാണ് എന്ന സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്. സുപ്രീം കോടതിയിലെ കേസിൽ ഗവർണറും സർവകലാശാലയും സർക്കാരും എല്ലാം ഒരു പക്ഷത്തായിരുന്നു. ഈ വിധി ഗവർണർക്കും സർക്കാരിനും സർവകലാശാല വിസിക്കും എതിരായതാണ്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും യുജിസി മാനദണ്ഡം ലംഘിച്ചാണ് നിയമനം നടത്തുന്നതെന്ന് മുൻപുതന്നെ കോണ്‍ഗ്രസ് ഉയർത്തിയ കാര്യമാണ്. ഇത് സുപ്രീം കോടതി അടിവരയിടുകയായിരുന്നു.
അതേസമയം മാധ്യമവിലക്കിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം നല്‍കി. ഒരു ചാനലുകളേയും വാര്‍ത്താ സമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ല. അഭിമുഖത്തിന് ഇ മെയിലിലൂടെ സമയം ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിക്കുകയാണ് ചെയ്തത്. ഇതിനെ ചിലര്‍ വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ അറിയിച്ചു. തെറ്റായ വാര്‍ത്ത തിരുത്താൻ ആവശ്യപ്പെട്ടിട്ടിട്ടും തയ്യാറാകാത്ത മാധ്യമങ്ങളെയാണ് വിലക്കിയതെന്നായിരുന്നു ഇന്നലെ ഗവര്‍ണറുടെ പ്രതികരണം. ഇത് വിവാദമായതോടെയാണ് ഗവര്‍ണര്‍ വീണ്ടും വിശദീകരണക്കുറിപ്പുമായി രംഗത്ത് എത്തിയത്. വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഇന്നലെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്.