ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലീനീകരണ തോത് ഉയർന്നു. വായുഗുണനിലവാര സൂചിക ഇന്ന് 323ലെത്തി. ദീപാവലിയുടെ തലേന്ന് 270 ആയിരുന്നു എക്യുഐ.തിങ്കളാഴ്ച ആഘോഷങ്ങള്‍ക്ക് ശേഷം 312ലായിരുന്നു സൂചിക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ നാല് വർഷത്തെ ദീപാവലി ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയാണിത്.
വിലക്ക് ലംഘിച്ച് പടക്കം പൊട്ടിച്ചതും, അയല്‍ സംസ്ഥാനങ്ങളില്‍ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതുമാണ് സ്ഥിതി മോശമാകാന്‍ കാരണം. മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളില്‍ വെള്ളം തളിക്കാന്‍ തുടങ്ങി.
നഗരങ്ങളായ ഗാസിയാബാദ് (270), നോയിഡ (305), ഗുരുഗ്രാം (307), ഫരീദാബാദ് (305) എന്നിവിടങ്ങളിൽ ‘മോശം’ മുതൽ ‘വളരെ മോശം’വരെ വായുവിന്റെ ഗുണനിലവാര സൂചിക റിപ്പോർട്ട് ചെയ്തു. പൂജ്യത്തിനും 50- നും ഇടയിൽ വായു നിലവാര സൂചികയുള്ളവ ‘നല്ലത്’, 51 മുതൽ 100 വരെ ‘തൃപ്‌തികരം’, 101- 200-‘മിതമായ മലിനീകരണം’, 201- 300- ‘മോശം’, 301-400- ‘വളരെ മോശം’, 401- 500 വരെ ‘കഠിനം’ എന്നിങ്ങനെയാണ് കണക്കാക്കുന്നത്.
രാജ്യതലസ്ഥാനത്ത് പടക്കം പൊട്ടിക്കരുതെന്നും നിയന്ത്രണം ലംഘിച്ചാല്‍ ആറ് മാസം തടവും 200 രൂപ പിഴയും ലഭിക്കുമെന്നും, നഗരത്തില്‍ പടക്കങ്ങളുടെ ഉല്‍പാദനം, സംഭരണം, വില്‍പന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും സ്ഫോടകവസ്തു നിയമത്തിലെ സെക്ഷന്‍ 9 ബി പ്രകാരം മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. അനധികൃതമായ പടക്കം പൊട്ടിക്കൽ വർധിച്ചതും അയൽ സംസ്ഥാനങ്ങളിലെ കാർഷിക വിള അവശിഷ്ടങ്ങളുടെ കത്തിക്കൽ കൂടിയതുമെല്ലാം ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായെന്നാണ് വിലയിരുത്തല്‍.