ന്യൂഡല്‍ഹി: പ്രമുഖ ടെക് കമ്പനി ഗൂഗിളിന് വീണ്ടും പിഴ. കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യയാണ് ഗൂഗിളിന് 936 കോടി രൂപ പിഴയിട്ടത്. കമ്പനിയുടെ പേയ്മെന്റ് ആപ്പിനും പേയ്മെന്റ് സിസ്റ്റത്തിനും കൂടുതല്‍ പ്രചാരണം ലഭിക്കാന്‍ വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വീണ്ടും പിഴയിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് കമ്മീഷന് ഗൂഗിളിന് പിഴ ശിക്ഷ വിധിക്കുന്നത്. ഇതോടെ വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ആകെ 2274 കോടി രൂപ പിഴയായി നല്‍കേണ്ടി വരും.
ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഇന്‍ ആപ്പ് പേമെന്റ് സംവിധാനത്തില്‍ കമ്പനിയുടെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നല്കാന് ശ്രമിച്ചുവെന്ന് കണ്ടെത്തിയതായി കമ്മീഷന് ചൊവ്വാഴ്ച പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ഗൂഗിളിന് 133.76 കോടി രൂപയാണ് പിഴ ചുമത്തിയത്. ആന്‍ഡ്രോയ്ഡ് മൊബൈലുകളെ വാണിജ്യ താത്പര്യം മുന്‍നിര്‍ത്തി ചൂഷണം ചെയ്തതിനാണ് വന്‍ പിഴ ചുമത്തിയത്. മറ്റ് സമാന ആപ്പുകളുടെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയതായും കണ്ടെത്തി. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കോംപറ്റീഷന്‍ കമ്മീഷന് മുന്നറിയിപ്പ് നല്കി. ഗൂഗിളിന്റെ സെര്‍ച്ച് എഞ്ചിന് ഉപയോഗിക്കാന്‍ ഒരു സാമ്പത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മീഷന് നിര്‍ദേശിച്ചു.
ഇതേ കേസുകളില്‍ ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളില്‍ കമ്പനിയ്ക്കെതിരെ വിവിധ കേസുകള്‍ നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി വരുമാനം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ മാധ്യമ കൂട്ടായ്മ ഗൂഗിളിനെതിരെ നല്കിയ പരാതി കോടതിയുടെ പരിഗണനയിലാണ്.