ലണ്ടന്‍: ചരിത്രം തിരുത്തി ബ്രിട്ടന്‍. ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടണ്‍ പ്രധാനമന്ത്രിയാകും. 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി. മുന്‍ പ്രതിരോധ മന്ത്രി പെന്നി മോര്‍ഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറി. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോര്‍ഡന്റ് നേടിയത്. പകുതിയിലേറെ എംപിമാരുടെ പിന്തുണ നേടിയ ഋഷിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കും. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മല്‍സരത്തില്‍ നിന്നു നേരത്തെ പിന്മാറിയിരുന്നു.
ഇതോടെ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന നേട്ടവും ഋഷിക്ക് സ്വന്തമാകും. ട്വിറ്ററിലൂടെയാണ് താന്‍ മത്സരത്തില്‍നിന്ന് പിന്മാറിയ വിവരം പെന്നി അറിയിച്ചത്.
ഏഴുമാസത്തിനിടെ ബ്രിട്ടന്റെ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന മൂന്നാമത്തെയാളാണ് ഋഷി. ബോറിസ് ജോണ്‍സന്റെ രാജിക്കു പിന്നാലെ അധികാരത്തിലെത്തിയ ലിസ് ട്രസ് ഒക്ടോബര്‍ 20-ന് രാജിവെച്ചിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കുള്ളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഋഷിയെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു മുന്‍പ് ലിസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്നരമാസത്തിനിപ്പുറം ലിസിന് രാജിവെക്കേണ്ടിവന്നു.
142 അംഗങ്ങളുടെ പിന്തുണയാണ് നിലവില്‍ ഋഷിയ്ക്കുള്ളത്. പാര്‍ട്ടിയ്ക്കുള്ളിലെ മത്സരത്തിനിറങ്ങാന്‍ നൂറ് എം.പിമാരുടെ പിന്തുണയാണ് മത്സരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എന്നാല്‍ ഈ പിന്തുണ ലഭിക്കാത്തതിനാലാണ് പെന്നി മത്സരത്തില്‍നിന്ന് പിന്മാറിയത്.
സാമ്പത്തിക രംഗം പ്രതിസന്ധിയിലായ ബ്രിട്ടനെ നയിക്കുകയെന്ന ദുഷ്കരമായ ദൗത്യമാണ് ഋഷിക്ക് മുന്നിലുള്ളത്. ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒരാളാണ് റിഷി സുനക്. ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ല്‍ ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.
പഞ്ചാബില്‍ വേരുകളുള്ള ഇന്ത്യന്‍ ഡോക്ടറുടെ മകനായി 1980ല്‍ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ല്‍ യോര്‍ക്ക്ഷയറിലെ റിച്ച്‌മോണ്ടില്‍നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയെ വിവാഹം കഴിക്കുന്നത്.