പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയ നടപടി അസ്വഭാവികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ടെ കെഎസ്ഇബി ഗസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
‘‘ഗവർണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ്. ഒൻപത് സർവകലാശാലകളുടെയും നിയമന അധികാരി ഗവർണറാണ്. നിയമനം ചട്ടവിരുദ്ധമെങ്കിൽ അതിനു ഉത്തരവാദി ഗവർണർ തന്നെയാണ്. ആദ്യം ഒഴിയേണ്ടത് വിസിമാരാണോയെന്ന് ഗവർണര്‍ ചിന്തിക്കണം. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി പ്രവർത്തിക്കുന്നു. സർവകലാശാലയുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റം ജനാധിപത്യത്തിന്റെ അന്തസത്ത ഹനിക്കുന്ന നീക്കമാണ്. ചില കാര്യങ്ങൾ നടപ്പാക്കാൻ ഗവർണർ അത്യുത്സാഹം കാണിക്കുന്നു. ഇത്തരത്തിലുള്ള അമിതാധികാര പ്രയോഗം അംഗീകരിക്കാനാവില്ല. സർക്കാരിനെ സമ്മർദത്തിലാക്കാനുള്ളതല്ല ഗവർണർ പദവി’’.‘‘കെടിയു വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി റദ്ദാക്കിയ ഉത്തരവ് സാങ്കേതികം മാത്രമാണ്. അതിൽ അപ്പീൽ സാധ്യതയുണ്ട്. സുപ്രീം കോടതി ഉത്തരവ് മറ്റു വിസിമാർക്ക് ബാധകമല്ല. പൊതുവായ വിധിയല്ല അത്. വിസിയെ നീക്കുന്നതിന് കൃത്യമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ചാൻസലർക്ക് വിസിയെ പിരിച്ചുവിടാൻ വ്യവസ്ഥയില്ല. അവരോട് രാജി ആവശ്യപ്പെടാൻ ഗവർണർക്ക് നിയമപരമായി അധികാരമില്ല’’എന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഗവർണർക്കുള്ളത്. ഗവർണറുടെ നീക്കം സ്വാഭാവിക നീതിയുടെ ലംഘനമാണ്. ജുഡീഷ്യറിയിൽ അടക്കം ഇടപെടുന്ന രീതിയാണ് ഗവർണറുടേത്. ബില്ലുകളും ഓർഡിനൻസുകളും ഒപ്പിടാതെ ബോധപൂർവം വൈകിപ്പിക്കുന്നു. അതിലുള്ള പ്രതിഷേധം പരസ്യമാക്കുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി, ഒപ്പിടില്ലെന്ന ഗവർണറുടെ പരസ്യപ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണെന്നും ആരോപിച്ചു. ബില്ലുകൾ ചോദ്യം ചെയ്യാനുള്ള അധികാരംകോടതിക്ക് മാത്രമാണ്.
വിസിമാരുടെ വാദം പോലും കേൾക്കാതെയാണ് ഗവർണർ ഇപ്പോൾ നടപടി എടുത്തത്. കേരളത്തിലെ സർവകലാശാലകൾ നിലവാരമില്ലാത്തത് എന്നു പറഞ്ഞ ചാൻസലർ ആ സ്ഥാനത്തിന് അനുയോജ്യനല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർവകലാശാലകളുടെ സ്വയംഭരണ അധികാരം തകർക്കലാണ് ഗവർണറുടെ ഉദ്ദേശം. പ്രതിപക്ഷ നേതാവ് പോലും ഇതിനു കൂട്ടുനിൽക്കുന്നു. മുസ്‌ലിം ലീഗ് നേതാക്കൾ ആപത്ത് തിരിച്ചറിഞ്ഞ് സംസാരിച്ചു. ജനാധിപത്യത്തിലൂടെ കൈവന്നതല്ല അധികാരമെന്ന് ഗവർണർ മനസ്സിലാക്കണം.
‘‘ഗവർണർക്ക് സ്വന്തം നിലയിൽ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ കഴിയില്ല. മന്ത്രിമാർക്ക് മാർക്കിടാൻ ഗവർണർക്ക് അധികാരം നൽകിയിട്ടില്ല. വിവരമില്ലാത്തവന്‍ എന്നാണ് ഗവർണർ ഒരു മന്ത്രിയെ വിശേഷിപ്പിച്ചത്. ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ ഗവർണർ നേരിടേണ്ടി വരും. ഗവർണർക്കു മുന്നിൽ സർക്കാർ കീഴടങ്ങുന്ന പ്രശ്നമില്ല. ഗവർണറുടേത് സർക്കാരിന് എതിരെയുള്ള നീക്കമല്ല, സംസ്ഥാനത്തിന് എതിരെയുള്ള നീക്കമാണ്. സമൂഹത്തിന്റെ മുന്നിൽ ഗവർണർ സ്വയം പരിഹാസ്യനാകരുത്. കേരളത്തെ അപകീർത്തിപ്പെടുത്താൻ അദ്ദേഹം ശ്രമിക്കുന്നു. കേരളത്തിൽ മദ്യവും ലോട്ടറിയും മാത്രമാണ് വികസനത്തിന്റെ പട്ടികയിൽ എന്ന ഗവർണറുടെ പരാമർശം ശരിയല്ല. കേരളത്തിലെ സർക്കാരിനെ ഇകഴ്ത്തിക്കാട്ടാൻ ഗവർണർക്ക് അമിത താൽപര്യമാണ്’’ എന്നും മുഖ്യമന്ത്രി പറഞ്ഞു.