ന്യൂഡൽഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. വിദേശത്ത് നിന്ന് പണം സ്വീകരിക്കുന്നതിനുളള ചട്ടങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കുകയാണെന്ന് കാണിച്ച് സ്ഥാപനത്തിലെ ജീവനക്കാർക്ക് നോട്ടീസ് നൽകി.
മുൻ കോൺഗ്രസ് അധ്യക്ഷയും രാജീവ് ഗാന്ധിയുടെ പത്നിയുമായ സോണിയ ഗാന്ധി ചെയർപേഴ്‌സൺ ആയിരിക്കുന്ന സർക്കാരിതര സ്ഥാപനമാണ് രാജീവ് ഗാന്ധി ഫൗണ്ടേഷൻ. 2020 ജൂലൈയിലാണ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേക സമിതിയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോഗിച്ചത്. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥാപനത്തിനെതിരെ നടപടിയുണ്ടായിരിക്കുന്നത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള സംഘടനയിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ ധനമന്ത്രി പി.ചിദംബരം, രാജീവ് ഗാന്ധിയുടെ മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരാണ് ട്രസ്റ്റിമാർ.