തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ കിംസ് ആശുപത്രിക്കെതിരെ വീണ്ടും തെറ്റായ വാർത്തകൾ പ്രചരിക്കുന്നു. മലയാളത്തിൽ പ്രവർത്തിക്കുന്ന ചില യൂട്യൂബ് ചാനലുകളുടെ നേതൃത്വത്തിലാണ് വാസ്തവരഹിതമായ വാർത്തകൾ വൈകാരികമായി അവതരിപ്പിക്കുന്നത്.
കോട്ടയം കുടമാളൂർ പ്രവർത്തിക്കുന്ന കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആശുപത്രിയുമായി ബന്ധപ്പെട്ടാണ് വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. ആശുപത്രിയുടെ സ്ഥാപകനും നിലവിൽ ഡയറക്ടറുമായ വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാർത്തകൾ നൽകുന്നത്. എന്നാൽ വാർത്തയിലെ വാസ്തുതയെ കുറിച്ച് അന്വേഷിക്കാതെയാണ് വാർത്ത പ്രചരിപ്പിക്കുന്നത്.
ഓൺലൈൻ യൂട്യൂബ് ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത അങ്ങേയറ്റം വൈകാരിക പ്രകടനമാണ് നടത്തുന്നത്. കിംസ് ഗ്രൂപ്പിനെതിരെ ജനങ്ങളുടെ വികാരത്തെ ഇളക്കി വിടുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വ്യാജ വാർത്ത നൽകുന്നത്. തുടക്കം മുതൽ ഒടുക്കം വരെ വൈകാരികതയോടെ അവതരിപ്പിക്കുന്ന വാർത്തയുടെ ലക്ഷ്യം തന്നെ അതിൽ നിന്ന് വ്യക്തമാണ്.
ജൂബി ദേവസ്യ എന്ന വിദേശ മലയാളിയും അദ്ദേഹത്തിന്റെ ഭാര്യ ബെവിസ് തോമസും ചേർന്നാണ് കിംസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്നാൽ ഇതേ ആരോപണങ്ങളുടെ പേരിൽ പോലീസിലും കോടതിയിലും നൽകിയ പരാതികൾ എല്ലാം കിംസിന് അനുകൂലമായി വിധി പ്രസ്താവിച്ചതും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞതും ആണ്. ഈ അവസരത്തിലും കിംസിനെ അപകീർത്തിപ്പെടുത്താൻ ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജൂബി ദേവസ്യയും ഭാര്യ ബെവിസ് തോമസും ചേർന്ന് ശ്രമം തുടരുകയാണ്.
ജൂബി ദേവസ്യ അറിയാതെ ബാങ്കിൽ നിന്ന് ആശുപത്രി നവീകരണത്തിനായി ലോൺ എടുത്തു എന്നും അത് ഉപയോഗിച്ചില്ല എന്നുമാണ് ജൂബി ദേവസ്യയുടെ പേരിൽ പ്രചരിക്കുന്ന വാർത്ത. എന്നാൽ ലോൺ എടുക്കുന്നതിന് വേണ്ടി നടത്തിയ ബോർഡ് മീറ്റിങ്ങിൽ ജൂബി ദേവസ്യ പങ്കെടുത്തതിനുള്ള തെളിവുകൾ കിംസ് അധികൃതർ നേരത്തെ പുറത്തുവിട്ടതാണ്.
അതേസമയം, ആശുപത്രിക്ക് വേണ്ടി വായ്പ എടുത്ത് കെണിയിലായ ജൂബി ദേവസ്യയെയും ഭാര്യയെയും രക്ഷിച്ചതും, ഇവരുടെ ആവശ്യപ്രകാരം കമ്പനി ഏറ്റെടുക്കാൻ തയ്യാറായതും കിംസ് ആയിരുന്നു. 2012 ൽ 8.25 കോടി രൂപ കിംസ് നൽകിയാണ് കിംസ് ബെല്‍റോസ് ആശുപത്രിയേയും ജൂബിയെയും കടവിമുക്തരാക്കിയത്.
പിന്നീട് ആശുപത്രി കെട്ടിടം പുനർനിർമ്മാണം നടത്തുന്നതിനും ആധുനിക ചികിത്സാ സജ്ജീകരണങ്ങളും, മെഡിക്കൽ ഉപകരണങ്ങളും വാങ്ങുന്നതിനും സൗത്ത് ഇൻഡ്യൻ ബാങ്ക് വായ്പയായി 38.18 കോടി രൂപ നൽകാമെന്ന് സമ്മതിച്ചിരുന്നു. ഈ വായ്പ എടുക്കുന്നതിന് ജൂബി ദേവസ്യയും, ഭാര്യ ബെവിസ് തോമസും പങ്കെടുത്ത 31.10.2013 ലെ ബോർഡ് യോഗത്തിലാണ് ഐകകണ്ഠേന തീരുമാനമെടുത്തത്.
29.01.2014-ൽ കൂടിയ ഓഹരി ഉടമകളുടെ യോഗത്തിൽ ഈ വായ്പ സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് ജൂബി ദേവസ്യയും, പിൻതാങ്ങിയത് ബെവിസ് തോമസും ആയിരുന്നു.
ആശുപത്രി വികസന പ്രവർത്തനങ്ങൾക്കായി ബാങ്ക് അനുവദിച്ച 38.18 കോടി വായ്പ തുകയിൽ 36.18 കോടി മാത്രമാണ് കമ്പനി എടുത്തത്. 3 കോടി രൂപ പ്രവർത്തന മൂലധനമായും കൈപ്പറ്റി. വായ്പയായി എടുത്ത 36.16 കോടി രൂപയും ആശുപത്രി കെട്ടിടത്തിന്റെ പുനർനിർമ്മാണത്തിനും ആധുനിക സജ്ജീകരണങ്ങൾ ഒരുക്കുന്നതിനുമായി ചെലവ് ചെയ്തു. മുഴുവൻ തുകയും ചെക്കുകൾ മുഖാന്തിരമാണ് ചെലവ് ചെയ്തത്. ഇത് കൃത്യമായി ഓഡിറ്റ് ചെയ്ത് വാർഷിക ജനറൽബോഡി യോഗങ്ങൾ അംഗീകരിക്കുകയും ചെയ്തിട്ടുള്ളതാണ്.
വായ്പാതുക പലിശ സഹിതം കിംസ് തന്നെ പൂർണ്ണമായി തിരിച്ചടച്ച് വായ്പ ക്ലോസ് ചെയ്തതാണ്. എന്നാൽ ഇതേ ലോൺ ആണ് തിരിച്ചടയ്ക്കാതെ കിംസ് അധികൃതർ എടുത്തു എന്ന വ്യാജ വാർത്ത നൽകുന്നത്.
ഓൺലൈൻ യൂട്യൂബ് ചാനൽ ആരോപിക്കുന്ന മറ്റൊരു വസ്തുത വിരുദ്ധമായ കാര്യമാണ് ജൂബി ദേവസ്യയെ ഡയറക്ടർ ബോർഡിൽ നിന്ന് മാറ്റി എന്നത്. എന്നാൽ ഇത് തികച്ചും തെറ്റാണ്. ജൂബി ദേവസ്യ ഇപ്പോഴും കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗമാണ്.
മറ്റൊരു ആരോപണം ഉയരുന്നത് കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ആശുപത്രിയുടെ ഭൂമിയെ സംബന്ധിച്ചാണ്. ഈ ഭൂമിയുടെ ഉടമസ്ഥാവകാശം ജൂബി ദേവസ്യയുടെ പേരിൽ തന്നെയാണെന്നാണ് ഉയരുന്ന വാദം. എന്നാൽ ഇക്കാര്യം തെറ്റിദ്ധരിപ്പിപ്പിച്ചതാണെന്ന് കിംസ് അധികൃതർ വ്യക്തമാക്കുന്നു. കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ് ആശുപത്രി ഇരിക്കുന്ന സ്ഥലം ഉൾപ്പെടുന്നത്. കമ്പനിയുടെ തുടക്കസമയത്ത് പഞ്ചായത്തിലും മറ്റും കമ്പനിയുടെ റെപ്രെസെന്ററ്റീവ് എന്ന നിലയിൽ ജൂബി ദേവസ്യയുടെ പേരാണ് നൽകിയിരുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ പേര് ഭൂമിയുമായി ബന്ധപ്പെട്ട് കാണുന്നത്. യഥാർത്ഥത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. ഒരു കമ്പനിയുടെ കൂട്ടുത്തരവാദിത്വത്തിൽ ഉള്ള സ്ഥലം എങ്ങിനെ ഒരാളുടെ പേരിൽ മാത്രമാകുമെന്നും കിംസ് അധികൃതർ ചോദിക്കുന്നു. ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന സ്ഥാപനം കിംസ് ബെല്‍റോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര് മാറ്റിയപ്പോൾ അതിന് നൽകിയ അപേക്ഷ മാത്രമാണ് നിലവിൽ ഉള്ളതെന്നും കിംസ് അധികൃതർ വ്യക്തമാക്കുന്നു.