സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പൊലീസുകാരൻ അറസ്റ്റിൽ. കൊച്ചി സിറ്റി എ ആർ ക്യാമ്പിലെ അമൽ ദേവ് ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. എറണാകുളം ഞാറയ്ക്കൽ സ്വദേശിഭാര്യയുടെ പത്ത് പവൻ സ്വർണമാണ് പൊലീസുകാരൻ കവർന്നത്. പ്രതിയായ പൊലീസുകാരൻ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ചർച്ചയായ പൊലീസ് ഉദ്യോഗസ്ഥൻ്റെ മാങ്ങ മോഷണത്തിന് പിന്നാലെയാണ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ സ്വർണ്ണ മോഷണ കേസും പുറത്തുവരുന്നത്. കോട്ടയത്ത് മൊത്തവ്യാപാര കടയിൽ നിന്ന് പൊലീസുകാരൻ മാങ്ങ മോഷ്ടിച്ച കേസ് കഴിഞ്ഞ ദിവസം ഒത്തുതീർപ്പാക്കിയിരുന്നു. ഇടുക്കി എആർ ക്യാമ്പിലെ സിപിഒ പി വി ഷിഹാബാണ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്ന വഴി വഴിവക്കിൽ വിൽക്കാൻ വച്ചിരുന്ന മാങ്ങ മോഷ്ടിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമുഹമാധ്യമങ്ങളിൽ വെെറലായിരുന്നു. ഇതിനു പിന്നാലെ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
















