അരൂർ-ഇടപ്പള്ളി ദേശീയപാതയിൽ നടുറോഡിൽ യുവാവിന്റെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പ്രകടനം. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ നെട്ടൂർ ലേക്ഷോർ ആശുപത്രി ബസ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം.
റോഡു മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്ന യുവാവിനെ കണ്ട് ആലപ്പുഴ ഭാഗത്ത് നിന്നും വൈറ്റില ഭാഗത്തേക്കു വരികയായിരുന്ന കാർ നിർത്തി. ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരാണ് കാറിൽ ഉണ്ടായിരുന്നത്.
കാർ നിർത്തിയത് കണ്ട യുവാവ് ഓടിയെത്തി കാറിന് മുകളിൽ കയറി നിന്ന് പ്രകടനം തുടങ്ങി. കയ്യിൽ ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നതിനാൽ ആദ്യം ആരും അടുത്തില്ല. പിന്നീട് ബലമായി ചവിട്ടി കാറ് കേടുവരുത്തി. കാർ യാത്രികരും നാട്ടുകാരും ചേർന്ന് ഇയാളോട് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല.
നാട്ടുകാർ ഫോണിൽ അറിയിച്ചെങ്കിലും സ്ഥലത്ത് നിന്നും ഒരു കി.മീറ്റർമാത്രം ദൂരത്തിലുള്ള പനങ്ങാട് സ്റ്റേഷനിൽ നിന്നും പോലീസ് എത്താൻ വൈകി. റോഡ് കുരുക്കിലായി. ഈ സമയം അതുവഴി വന്ന പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും തങ്ങൾ മറ്റൊരു സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്നറിയിച്ച് കൺട്രോൾ റൂമിൽ വിവരം അറിയിച്ച് മടങ്ങി. തുടർന്ന് സ്ഥലത്ത് തടിച്ചു കൂടിയ നാട്ടുകാർ യുവാവിനെ വലിച്ചിറക്കി.
നാട്ടുകാർ ചെറിയ രീതിയിൽ കൈകാര്യവും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പനങ്ങാട് സ്വദേശിയായ യുവാവിന്റെ പിതാവ് കാറിന്റെ തകരാർ പരിഹരിച്ച് നൽകാമെന്നറിയിച്ച് പ്രശ്നം തീർപ്പാക്കി. എന്നാൽ ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളായതിനാലും, പരാതി ലഭിക്കാത്തതിനാലും കേസെടുത്തില്ലെന്ന് പനങ്ങാട് പോലീസ് പറഞ്ഞു.















