വനിതാ യുറ്റ്യൂബറുടെ ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എ.സി.പി. വിവേക് ഭഗതിന്റെ പരാതിയിൽ ജാതിയധിക്ഷേപത്തിന് യുറ്റ്യൂബർമാരുടെ പേരിൽ കേസെടുത്ത് ഡൽഹി പോലീസ്. ലൈംഗികാതിക്രമ പരാതി നൽകിയ യുറ്റ്യൂബറടക്കമുള്ളവരുടെപേരിലാണ് പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരമുള്ള കേസ്.
ഒക്ടോബർ മൂന്നിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിക്കായി ഐസ ആഹ്വാനം ചെയ്ത സമരത്തിനിടെയുണ്ടായ സംഭവമെന്നാണ് രണ്ടുപരാതിയിലും പറയുന്നത്. വനിതാ യുറ്റ്യൂബറുടെ പരാതി ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
അതിൽ അന്വേഷണം പുരോഗമിക്കവെയാണ് എ.സി.പി. പുതിയ പരാതി നൽകിയതും പോലീസ് കേസ് രജിസ്റ്റർ ചെയ്തതും. ഔദ്യോഗിക കൃത്യനിർവഹണത്തിലായിരിക്കെ, തന്റെ പേരുകണ്ട് താണജാതിയാണെന്ന് യുറ്റ്യൂബർമാർ പൊതുമധ്യത്തിൽ അധിക്ഷേപിച്ചെന്നും എ.സി.പി.യായി നിയമിച്ചിരിക്കുന്നതിനെ അവഹേളിച്ച് സംസാരിച്ചത് കേട്ടെന്നും ഉദ്യോഗസ്ഥൻ പരാതിയിൽ പറയുന്നു.
ഇതുകേട്ടിട്ടും താൻ അവഗണിച്ച് ജോലി തുടർന്നു. എങ്കിലും യുറ്റ്യൂബർ പിന്നീട് ലൈംഗികാരോപണമുന്നയിച്ച് ജോലി തടസ്സപ്പെടുത്തി. ജാതിയധിക്ഷേപവും പൊതുമധ്യത്തിലെ അവഹേളനവും തനിക്ക് മാനസിക പ്രയാസമുണ്ടാക്കിയെന്നും പരാതിയിൽ പറഞ്ഞു.















