ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുപ്പത്തിമൂന്നാം തവണയും കേസ് മാറ്റി വച്ചത്. കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി.
ഹര്‍ജികള്‍ ഇനി പുതിയ ബെഞ്ച് പരിഗണിക്കും. ലാവ്ലിന് ഹര്‍ജികള്‍ ഇനി സുപ്രീം കോടതി പരിഗണിക്കുന്നത് നവംബര്‍ അവസാന ആഴ്ചയാണ്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് നവംബര്‍ രണ്ടാംവാരം വിരമിക്കും. അതിനാല്‍ ഹര്‍ജികള്‍ ഇനി പരിഗണിക്കുക പുതിയ ബെഞ്ച് ആകും. ബെഞ്ച് ഏതാണെന്ന് അടുത്ത ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് തീരുമാനിക്കും.
കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്.
പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. കേസിൽ 2018 ജനുവരി 11ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വർഷത്തിനിടെ മുപ്പത്തിരണ്ട് തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി വച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടി.പി.നന്ദകുമാറിന്റെ അഭിഭാഷക എം.കെ.അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം കോടതി പുറപ്പെടുവിച്ചിരുന്നു. പക്ഷേ പിന്നീടും കേസ് മാറ്റി വച്ചു.