കല്ലുവാതുക്കൽ വ്യാജമദ്യ ദുരന്ത കേസിലെ മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും. പിഴത്തുക അടയ്ക്കാതെ തന്നെ മണിച്ചനെ മോചിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഉത്തരവിന്റെ പകർപ്പ് മണിച്ചൻ കഴിയുന്ന തിരുവനന്തപുരം നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ ഇന്ന് എത്തുമെന്നാണ് പ്രതീക്ഷ.
31 പേരുടെ മരണത്തിന് ഇടയാക്കിയ മദ്യദുരന്തക്കേസിലെ ഏഴാം പ്രതിയാണ് മണിച്ചൻ. 22 വർഷമായി മണിച്ചൻ ജയിലിലാണ്. നേരത്തെ ശിക്ഷാ ഇളവ് നൽകുന്നവരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നെങ്കിലും പിഴത്തുകയായ 30, 45000 രൂപ കെട്ടിവെയ്ക്കാത്തതിനാൽ ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. മണിച്ചന്റെ ജയിൽ മോചനത്ത് 30.45 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഭാര്യ ഉഷ സുപ്രീം കോടതിയെ സമീപിച്ചു. പിഴ അടയ്ക്കാത്തതിന്റെ പേരിൽ ഒരാളെ അന്തമായി തടവിൽ വെയ്ക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
22 വർഷവും ഒൻപത് മാസവും കൂടി ജയിൽ ശിക്ഷ അനുഭവിക്കണമെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. ശിക്ഷാവിധിയിലെ പിഴ ഒഴിവാക്കാനാകില്ല. പിഴ മണിച്ചൻ അടച്ചാൽ ആ തുക മദ്യദുരന്തക്കേസിൽ ഇരകൾക്ക് കൈമാറുമെന്നാണ് സർക്കാർ അറിയിത്തത്. ശിക്ഷാ ഇളവ് നൽകിയെങ്കിലും പിഴത്തുക അടക്കാനാകാത്തതിനാൽ മണിച്ചൻ ജയിലിൽ തുടരുകയായിരുന്നു.