ഇമെയ്ൽ വിവാദത്തെ തുടർന്ന് യു.കെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുയെല്ല ബ്രവർമാൻ രാജിവെച്ചു. പാർലമെന്റിലെ സഹപ്രവർത്തകന് ഔദ്യോഗിക രേഖ അയക്കാൻ തന്റെ സ്വകാര്യ ഇമെയ്ൽ ഉപയോഗിച്ചതാണ് രാജിക്ക് വഴിവെച്ചത്.
പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിർന്ന എം.പിക്ക് സ്വകാര്യ ഇ-മെയിൽ വഴി കൈമാറി ചട്ടലംഘനം നടത്തിയതിനാലാണ് ബ്രേവർമാന്റെ സ്ഥാനം ചലിച്ചത്. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ആശങ്കകളുണ്ടെന്നും ബ്രേവർമാൻ സമ്മതിക്കുന്നു. തെറ്റ് പറ്റിയത് സമ്മതിച്ച് സ്ഥാനമൊഴിയുന്നത് പ്രധാനമന്ത്രി ലിസ് ട്രസിന് മാതൃകയാകട്ടെ എന്ന ഒളിയമ്പും കത്തിലുണ്ട്.
ബ്രേവർമാന് പിന്നാലെ ചീഫ് വിപ്പും ഡെപ്യൂട്ടി ചീഫ് വിപ്പും രാജി വച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ, പുതിയ ആഭ്യന്തര മന്ത്രിയായി മുൻ ഗതാഗതമന്ത്രി ഗ്രാൻഡ് ഷാപ്പിനെ നിയമിച്ചു. ലിസ് ട്രസ് അധികാരമേറ്റപ്പോൾ റിഷി സുനക് പക്ഷക്കാരനായ ഗ്രാൻഡ് ഷാപ്പിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.