തിരുവനന്തപുരം: കാസർകോട്ടെ എൻഡോസൾഫാന്‍ ദുരിതബാധിതർക്കായി സാമൂഹിക പ്രവർത്തക ദയാബായി നടത്തുന്ന നിരാഹാര സമരത്തോട് സർക്കാരിന് അനുഭാവപൂർവ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയിംസ് ഒഴികെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാം എന്നാണ് സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട നാല് ആവശ്യങ്ങളിൽ മൂന്നും സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ സാമൂഹ്യപ്രവർത്തക ദയാബായി സമരത്തിൽ നിന്നും പിന്മാറണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദയാബായിയുടെ സമരത്തോട് അനുഭാവപൂർവമായ സമീപനമാണ് സർക്കാരിനുള്ളത്. ഇതിന്റെ ഭാഗമായാണ് രണ്ട് മന്ത്രിമാർ ഇടപെട്ട് പ്രശ്നപരിഹാരത്തിനായി ചർച്ച നടത്തിയത്. എൻഡോസൾഫാൻ ദുരിതബാധിതർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതു തന്നെയാണ് സർക്കാർ നിലപാട്. സമരവുമായി ബന്ധപ്പെട്ട് ദയാബായി ഉയർത്തിയത് നാല് ആവശ്യങ്ങളാണ്.
ഇതിൽ എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കുക എന്നതൊഴികെയുള്ള മൂന്ന് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതും തുടർനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതാണ്. ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉറപ്പു നൽകുകയും ചെയ്തു. എന്നിട്ടും അവർ സമരം തുടരുന്നത് എന്തോ തെറ്റിദ്ധാരണയുടെ ഭാഗമായാണ്. ദയാബായിക്കൊപ്പമുള്ളവർ ഇക്കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാരായ വീണാ ജോര്‍ജും ആര്.ബിന്ദുവും ആശുപത്രിയിലെത്തി സംസാരിച്ചെങ്കിലും ദയാബായി തയാറായിരുന്നില്ല. എൻഡോസൾഫാൻ ദുരിതബാധിതരുടെ കാലങ്ങളായുള്ള ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു കിട്ടാതെ നിരാഹാര സമരം അവസാനിപ്പിക്കില്ലെന്ന വാശിയിലാണ് അവർ. കാസർകോട്ട് എയിംസ് സ്ഥാപിക്കുക, ദുരിത ബാധിതർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.