കൊല്ലം: എ.എ അസീസ് തന്നെ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയായി തുടരും. കൊല്ലത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാന സമ്മേളനത്തിലാണ് എ.എ അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതു നാലാം തവണയാണ് അസീസ് സംസ്ഥാന സെക്രട്ടറിയാകുന്നത്.
നേരത്തെ അസീസിനെ സംസ്ഥാന സെക്രട്ടറിയായി നിലനിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റിൽ സമവായ തീരുമാനം ആയിരുന്നു. ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്നും അസീസ് സമ്മതിച്ചതോടെയാണ് സമവായമായത്. അതിന് ശേഷം ഷിബുബേബി ജോണിന് സെക്രട്ടറി സ്ഥാനം നൽകാമെന്നുമാണ് ധാരണ.
നേരത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ ചൊല്ലി ഷിബു ബേബി ജോണും എ.എ അസീസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവിഭാഗവും മത്സരം ഉറപ്പിച്ച് തന്നെ മുന്നോട്ട് പോകവെയാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ സമവായം ഉണ്ടായത്. ഇതോടെ ആര്‍എസ്പിയില്‍ മറ്റൊരു പിളര്‍പ്പിലേക്ക് നീങ്ങാനുള്ള സാധ്യതയാണ് അടഞ്ഞത്.
യുഡിഎഫ് സമരങ്ങൾ മിക്കതും വഴിപാടുകളും വ്യക്തി കേന്ദ്രീകൃതമാകുന്നുവെന്ന് സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നു. സമരങ്ങൾ ഏറ്റെടുക്കാൻ ഇടതുപക്ഷമാണു മെച്ചം. യുഡിഎഫിലാകട്ടെ, അതു വ്യക്തികളെ കേന്ദ്രീകരിച്ചായിപ്പോകുന്നു. പിണറായി സർക്കാരിനെതിരെ ക്രിയാത്മക സമരങ്ങൾക്കു കോൺഗ്രസും യുഡിഎഫും നേതൃത്വം നൽകണമെന്നും ആവശ്യമുയർന്നു.
കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ബലിയാടായി ആർഎസ്പി മാറുന്ന സ്ഥിതിയുണ്ട്. ആർഎസ്പിയുടെ തട്ടകത്തിൽപോലും ഗ്രൂപ്പുകളി മുന്നണിയുടെ താൽപര്യങ്ങളെ ഇല്ലാതാക്കുന്നു. എൽഡിഎഫിൽ നിന്നപ്പോഴുണ്ടായിരുന്ന രാഷ്ട്രീയനേട്ടം താഴേത്തട്ടിൽ കിട്ടുന്നില്ലെന്നും ചർച്ച വിലയിരുത്തി.