തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർമാരുടെ ഒഴിവു വരുന്പോൾ താത്കാലിക ചുമതല നൽകുന്നതിനായി പ്രഫസർ തസ്തികയിലെത്തി 10 വർഷം കഴിഞ്ഞ അധ്യാപരുടെ പട്ടിക ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, കൊച്ചി സർവകലാശാലകളോടാണ് പ്രഫസർമാരുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സെനറ്റ് യോഗത്തില്‍നിന്നു വിട്ടുനിന്ന 15 അംഗങ്ങളെ പുറത്താക്കിയതിനു പിന്നാലെയാണ് കടുത്ത നടപടിയുമായി ഗവര്‍ണര്‍ നീങ്ങുന്നത്.
10 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവരെയാണ് വിസിമാരായി നിയമിക്കാന്‍ കഴിയുക. ഉടനടി പട്ടിക നല്‍കണമെന്നാണ് കത്തിലെ നിര്‍ദേശം. വിസിയുടെ കാലാവധി അവസാനിച്ചാല്‍ താല്‍ക്കാലിക ചുമതല മറ്റു വിസിമാര്‍ക്ക് നല്‍കാറാണ് പതിവ്. അതില്‍നിന്നു വ്യത്യസ്തമായാണു പുതിയെ വിസിയെ നിയമിക്കാനുള്ള തീരുമാനവുമായി ഗവര്‍ണര്‍ മുന്നോട്ടു പോകുന്നത്.
പട്ടിക തയാറാക്കി എത്രയും വേഗം നൽകണമെന്നാണ് നിർദേശം. കേരള സർവകലാശാല വൈസ് ചാൻസലറുടെ കാലാവധി ഈ മാസം 24ന് അവസാനിക്കാനിരിക്കെ, ഗവർണറുടെ ഈ നടപടി കേരളയെ ലക്ഷ്യംവച്ചാണെന്നാണ് കരുതപ്പെടുന്നുണ്ട്
സെർച്ച് കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധിയെ നിര്ദേശിക്കണമെന്നു ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നു സെനറ്റ് യോഗം വിളിച്ചെങ്കിലും ക്വോറം തികയാത്തതിനാല്‍ യോഗം നടന്നില്ല. യോഗത്തില്‍ പങ്കെടുക്കാത്ത 15 അംഗങ്ങളെ പുറത്താക്കി. ഒത്തുതീര്‍പ്പ് വേണ്ടെന്നും കടുത്ത നടപടിയുമായി നീങ്ങാനുമാണു രാജ്ഭവന് തീരുമാനം.