ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി വ്യാഴാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച്ച പരിഗണിക്കുന്ന എട്ടാമത്തെ കേസാണ് എസ് എൻ സി ലാവലിനുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ. നേരത്തെ സെപ്റ്റംബർ പതിമൂന്നിന് ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമെന്നായിരുന്നു ചീഫ് ജസ്റ്റിസ് യു യു ലളിത് വ്യക്തമാക്കിയിരുന്നത്. എന്നാൽ അന്ന് അദ്ദേഹം ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നതിനാൽ ഹർജികൾ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല.
പിണറായി വിജയനെ കേസിൽ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയതുൾപ്പടെയുള്ള ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. കേസിന്റെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്, കെ. കസ്തൂരി രംഗ അയ്യർ, ആർ. ശിവദാസൻ, കെ. ജി. രാജശേഖരൻ നായർ എന്നിവർ നൽകിയ ഹർജികളും സുപ്രീം കോടതി അന്ന് പരിഗണിക്കും.
സ്വർണ്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും അതേദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സ്വർണ്ണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ഹർജി വ്യാഴാഴ്ചത്തെ മുപ്പതാമത്തെ ഹർജിയായാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.