തിരുവനന്തപുരം : കേരളാ സർവകലാശാലയിൽ അസാധാരണ നടപടിയിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവർണർ പിൻവലിച്ചു. ചാൻസ്ലറെന്ന നിലയിൽ താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.
വി.സി. നിയമനത്തിനായി ചാന്‍സലറായ ഗവര്‍ണര്‍ രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാലാ പ്രതിനിധിയെ നിശ്ചയിക്കുന്നതു ചര്‍ച്ചചെയ്യാനാണ് കഴിഞ്ഞദിവസം യോഗം വിളിച്ചത്. എന്നാല്‍ 91 അംഗങ്ങളുള്ള സെനറ്റില്‍ പങ്കെടുക്കാനെത്തിയത് വി.സി. ഡോ. വി.പി. മഹാദേവന്‍ പിള്ളയടക്കം 13 പേര്‍ മാത്രമായിരുന്നു.
ഗവര്‍ണര്‍ നാമനിര്‍ദേശംചെയ്ത 13 പേര്‍ സെനറ്റിലുണ്ടെങ്കിലും രണ്ടുപേര്‍ മാത്രമേ യോഗത്തിനെത്തിയുള്ളൂ. നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെങ്കില്‍ അവരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
പ്രോ-വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. ക്വാറം തികയ്ക്കാനുള്ള 19 പേര്‍പോലുമില്ലാത്തതിനാല്‍ യോഗം നടന്നില്ല. നിലവിലെ വി.സി.യുടെ കാലാവധി 24-ന് പൂര്‍ത്തിയാവും.