പാലക്കാട്: സിപിഎം നേതാവും മുൻ എംഎൽഎയും കെടിഡിസി ചെയര്‍മാനുമായ പി.കെ.ശശിക്കെതിരായ പരാതികൾ പരിശോധിക്കാനൊരുങ്ങി പാര്‍ട്ടി നേതൃത്വം. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ശശിക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചത്.
ഇതിനു മുന്നോടിയായി ഞായറാഴ്ച സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റികളും ലോക്കൽ കമ്മിറ്റികളും യോഗം ചേരും. യോഗത്തിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയും ജില്ലയിൽനിന്നുള്ള മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.
പാർട്ടിയുടെ അറിവില്ലാതെ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ അനധികൃത നിയമനം നടത്തി പി.കെ. ശശി ലക്ഷകണക്കിന് രൂപ കൈവശപ്പെടുത്തുന്നതായി മണ്ണാര്‍ക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മൻസൂർ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
അഴിമതി ചോദ്യം ചെയ്യുന്നവരെയും ചൊല്‍പ്പടിക്ക് നില്‍ക്കാത്തവരെയും പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കുന്ന നടപടിയാണ് പി.കെ. ശശിയുടേതെന്നും സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു.