പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരണം. പരിശോധനയ്ക്കായി ബന്ധുക്കളുടേത് ഉൾപ്പെടെയുള്ള ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു.
അതേസമയം മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിനു വിട്ടുകൊടുക്കും.
കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്ങ്, ഭാര്യ ലൈല എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ 12 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എറണാകുളം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയാണ് വിധി പറഞ്ഞത്. പ്രതികളെ മുഖം മറച്ചേ കൊണ്ടുപോകാവൂ എന്നും കോടതി നിര്‍ദേശിച്ചു. ഈ മാസം 24 വരെ പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ തുടരും.
കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി 12 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളെല്ലാം പുറത്തു കൊണ്ടു വരേണ്ടതുണ്ട്. കൂടുതല്‍ പേരെ പ്രതികള്‍ ഇരയാക്കിയിട്ടുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.