പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്ക് ഇരയായി കൊല്ലപ്പെട്ട പത്മയുടെ സ്വർണം കണ്ടെത്തി. ഒന്നാംപ്രതി ഷാഫി വീടിനടുത്തുള്ള സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ പണയംവച്ചിരുന്ന സ്വർണമാണ് പോലീസ് കണ്ടെടുത്തത്. നാലര പാവനോളം സ്വർണമാണ് പണയംവച്ചത്.
അതേസമയം നരബലി കേസിലെ മൂന്ന് പ്രതികളേയും 12 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 24 വരെയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഒന്നാം പ്രതി മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയിൽ വേണമെന്ന പോലീസിന്റെ ആവശ്യം കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു. പ്രതികളെ പുറത്തേക്കിറക്കുമ്പോൾ മുഖം മറച്ചിരിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
22 പോയിന്റുകളാണ് കസ്റ്റഡി അപേക്ഷയിലുണ്ടായിരുന്നത്. നരബലിയെ കൂടാതെ പ്രതികൾക്ക് മറ്റേതെങ്കിലും ഉദ്യേശമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് ഉൾപ്പെടെ കസ്റ്റഡി അപേക്ഷയിലുണ്ട്. കൂടുതൽ ആൾക്കാരെപത്തനംതിട്ടയിൽ എത്തിച്ചുവെന്ന വിവരത്തിൽ അന്വേഷണം നടത്തണം.മുഹമ്മദ് ഷാഫിയുടെ ഫേസ് ബുക്ക് ഉപയോഗത്തിൽ വ്യാപകമായ അന്വേഷണം വേണം. ഫൊറൻസിക് പരിശോധയ്ക്ക് പ്രതിയുടെ സാന്നിധ്യം അനിവാര്യമെന്നും കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു.
പ്രതികളെ കുറ്റസമ്മതം നടത്താൻ പൊലീസ് നിർബന്ധിക്കുന്നതായി പ്രതിഭാഗം വാദിച്ചിരുന്നു. മൂന്ന് ദിവസം പ്രതികൾ പൊലീസ് കസ്റ്റഡിയിലായിരുന്നെന്ന് പ്രതികൾക്കുവേണ്ടി ഹാജരായ അഡ്വ ആളൂർ കോടതിയിൽ പറഞ്ഞു. പത്മയെ ഷാഫി കൊണ്ടുപോയതല്ല പത്മ കൂടെപ്പോയതാണെന്ന് ഉൾപ്പെടെയുള്ള വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചത്.
പ്രതികൾക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നതിൽ സംശയമില്ലെന്ന് പ്രതിഭാഗം പറഞ്ഞു. മനുഷ്യ മാസം ഭക്ഷിച്ചു എന്നുൾപ്പെടെ സമ്മതിക്കണമെന്ന് പൊലീസ് പ്രതികളെ നിർബന്ധിച്ചു. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന് പറഞ്ഞു. പൊലീസ് പറയുന്ന കാരണങ്ങളിൽ കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.