തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്കെതിരായ പീഡനക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ ആരോപണത്തിന് പിന്നാലെ കോവളം സിഐയെ സ്ഥലം മാറ്റി. ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്ടേക്കാണ് കോവളം സിഐയെ ജി പ്രൈജുവിനെ സ്ഥലം മാറ്റിയത്.
എൽദോസ് കുന്നപ്പിള്ളിൽ വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് തിരുവനന്തപുരത്തെ സ്‍കൂള്‍ അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതി. കേസ് തീർപ്പാക്കാൻ പണം വാഗ്ദാനം ചെയ്തെന്നും കോവളം പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ട്. ജാമ്യമില്ലാ വകുപ്പിൽ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എംഎൽഎ ഒളിവിലാണ്.
പെരുമ്പാവൂർ എംഎൽഎ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ പരാതിക്കാരി നൽകിയ മൊഴി. വിവാദം ശക്തമാകുന്നതിനിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തിയ യുവതി, മൊഴിയിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കി. പരാതി വ്യാജമല്ലെന്നും, കഴിഞ്ഞ ജൂലൈ മുതൽ എൽദോസുമായി അടുപ്പമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.