പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവതിക്കെതിരെ പരാതിയുമായി എംഎൽഎയുടെ ഭാര്യ. എൽദോസ് കുന്നപ്പിള്ളിയുടെ കൈവശമുണ്ടായിരുന്ന ഫോൺ യുവതി മോഷ്ടിച്ചെന്നാണ് പരാതി.
പെരുമ്പാവൂർ കുറുപ്പംപടി പൊലീസിലാണ് എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യ മറിയാമ്മ പരാതി നല്‍കിയത്. ഇന്നലെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ഭർത്താവിനെ ഭീഷണിപ്പെടുത്തുകയാണെന്നും വ്യാജ പരാതിയാണ് നൽകിയിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ഭാര്യ മറിയാമ്മ എൽദോസ് കുറുപ്പംപടി പോലീസിൽ പരാതി നൽകിയത്. ഫോൺ വീണ്ടെടുത്തു നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പീഡിപ്പിച്ചെന്ന അധ്യാപികയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് യുവതിക്കെതിരെ പരാതിയുമായി എല്‍ദോസിന്റെ ഭാര്യ രംഗത്തെത്തിയത്.
അതേസമയം എല്‍ദോസ് കുന്നപ്പിള്ളി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എംഎല്‍എയുടെ ഫോണുകൾ സ്വിച്ച് ഓഫാണ്.
തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന അധ്യാപികയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവമേൽപ്പിക്കൽ, മാനഹാനിയുണ്ടാക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കോവളം പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിന് രണ്ടു സ്ത്രീകളെയും പ്രതിചേർത്തിട്ടുണ്ട്.
അതിനിടെ എംഎൽഎക്കെതിരായ പരാതി പിൻവലിച്ചാൽ 30 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയതായി പരാതിക്കാരിയായ യുവതി പറഞ്ഞു. പലരും ഒത്തുതീർപ്പിന് ശ്രമിച്ചെന്നും അവരുടെ പേര് പറയാനാകില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഹണിട്രാപ്പിൽ പെടുത്തുമെന്ന് എംഎൽഎ ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.