കൊച്ചി: യൂട്യൂബ് അവതാരകയെ അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരിയുമായി ശ്രീനാഥ് ഭാസി ഒത്തുതീർപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് നടപടി. കേസ് റദ്ദാക്കണമെന്ന് ശ്രീനാഥ് ഭാസി അപേക്ഷ നൽകിയിരുന്നു.
ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ നടന് മാപ്പ് പറഞ്ഞ സാഹചര്യത്തിൽ അവതാരക പരാതി പിന്‍വലിക്കുകയായിരുന്നു.
നേരത്തെ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കേസ് റദ്ദാക്കാന്‍ ശ്രീനാഥ് ഭാസി നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവത്തില്‍ ശ്രീനാഥ് ഭാസി മാപ്പുപറഞ്ഞതിനാല്‍ കേസുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ലെന്നും പരാതിയില്ലെന്നും അവതാരക വ്യക്തമാക്കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അവതാരകയുടെ സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം നല്‍കിയിരുന്നു.
ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകർക്കണമെന്നില്ല. ഇനി ആരോടും ആവർത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നൽകിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദമില്ലെന്നും പരാതിക്കാരി പറഞ്ഞു.
സെപ്റ്റംബര്‍ 21-ന് കൊച്ചിയിലെ ഒരു ഹോട്ടലില്‍ അഭിമുഖത്തിനിടെ തന്നെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി അവതാരക നല്കിയ പരാതിയില്‍ മരട് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നു. 23-ന് ശ്രീനാഥ് ഭാസിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടുകയായിരുന്നു. തുടര്‍ന്ന് സിനിമാ നിര്‍മാതാക്കളുടെ സംഘടന വിഷയത്തില്‍ ഇടപെടുകയും ഇരുവരെയും വിളിച്ചുവരുത്തി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.