മ്യാൻമറിലെ മുൻ ഭരണാധികാരിയായ ആങ് സാങ് സൂകി രണ്ട് അഴിമതി കേസുകളിൽ കൂടി കുറ്റക്കാരിയാണെന്ന് മ്യാൻമർ കോടതി. രണ്ട് കേസുകളിലായി ഇവർക്ക് ലഭിച്ച മൂന്ന് വർഷത്തെ തടവ് ഒരേസമയം അനുഭവിച്ചാൽ മതി. മുൻകാല ശിക്ഷാവിധികളോടൊപ്പം ആങ് സാങ് സൂകിക്ക് 26 വർഷത്തെ തടവ് ശിക്ഷയാണ് ലഭിക്കുക.
2021 ഫെബ്രുവരി 1നാണ് 77കാരിയായ സൂകി തടങ്കലിലായത്. സൂകി നേതൃത്വം നൽകിയ, തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്ന് സൈന്യം അധികാരം പിടിച്ചെടുത്തപ്പോഴാണ് ഇവർ തടവിലായത് . മയക്കുമരുന്ന് കടത്തിന് ശിക്ഷിക്കപ്പെട്ട വ്യവസായിയായ മൗംഗ് വെയ്‌ക്കിൽ നിന്ന് 5,50,000 ഡോളർ കൈക്കൂലിയായി വാങ്ങിയതായാണ്ഇവർക്കെതിരായ ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ പൂർണമായും നിഷേധിച്ചു.
1991ലെ സമാധാന നോബൽ സമ്മാന ജേതാവിനെതിരെ സൈന്യം നിരവധി അഴിമതിക്കേസുകളാണ് ചുമത്തിയിരിക്കുന്നത്. അഴിമതി വിരുദ്ധ നിയമപ്രകാരം ആകെ 12 കേസുകളാണ് സൂകിക്കെതിരെ നിലവിലുള്ളത്.അനധികൃതമായി വോക്കി-ടോക്കികൾ ഇറക്കുമതി ചെയ്യുകയും കൈവശം വയ്ക്കുകയും ചെയ്‌തു, കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചു, രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, രാജ്യദ്രോഹം, തിരഞ്ഞെടുപ്പ് വഞ്ചന, അഞ്ചോളം അഴിമതി ആരോപണങ്ങൾ എന്നിവയിലായി ആകെ 23 വർഷത്തെ തടവിന് സൂകിയെ നേരത്തെ ശിക്ഷിച്ചിരുന്നു.