കീവ്: യുക്രൈനിൽ വൻ വ്യോമാക്രമണം നടത്തിയ റഷ്യ 84 മിസൈലുകളാണ് തൊടുത്തുവിട്ടത്. റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. റഷ്യൻ ആക്രമണം ഞെട്ടിപ്പിച്ചെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. റഷ്യൻ ആക്രമണത്തെ യൂറോപ്യൻ യൂണിയനും അപലപിച്ചു.
യുഎൻ പൊതുസഭയിൽ റഷ്യയെ ഭീകര രാഷ്ട്രമെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യുക്രൈന്റെ പ്രതികരണം. റഷ്യയുടെ ഭീകരത അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. യുക്രൈനിയൻ നഗരങ്ങളിൽ റഷ്യ നടത്തിയെ മിസൈൽ ആക്രമണങ്ങളെ അപലപിച്ച അമേരിക്ക പുടിൻ നടത്തുന്ന നിയമവിരുദ്ധ യുദ്ധത്തിന്റെ നേർക്കാഴ്ചയാണ് മിസൈൽ ആക്രമണമെന്ന് പ്രതികരിച്ചു.
പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രേനിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു. അവർ രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. തൊടുത്തുവിട്ട മിസൈലുകളിൽ 43 എണ്ണം തകർത്തതായി യുക്രൈന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങളെല്ലാം തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.