ന്യൂഡല്‍ഹി: യുക്രൈനിൽ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ആശങ്കയറിയിച്ച് ഇന്ത്യ. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്നും ഇന്ത്യ ആവര്‍ത്തിച്ചു. യുക്രൈനിലുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
റഷ്യ – യുക്രെയ്ന്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി കീവിലെ ഇന്ത്യന്‍ എംബസി. യുക്രെയ്നിലേക്കും രാജ്യത്തിനകത്തും അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. യുക്രെയ്നിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണവിവരങ്ങള്‍ അറിയിക്കണം. യുക്രെയ്ൻ സർക്കാരും പ്രാദേശിക അധികൃതരും പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും എംബസി നിർദേശിച്ചു.
യുക്രെയ്ന്‍ – റഷ്യ യുദ്ധത്തിനിടെ മാസങ്ങള്‍ക്കുശേഷമാണ് ആക്രമണം വീണ്ടും ശക്തമാകുന്നത്. കീവിനു പുറമെ മറ്റു നഗരങ്ങളിലും ആക്രമണമുണ്ടായി. താപവൈദ്യുത നിലയവും വാര്‍ത്താവിനിമയ സംവിധാനങ്ങളും ആക്രമിക്കപ്പെട്ടു. നഗരങ്ങളില്‍ ആള്‍ത്തിരക്കേറിയ സമയത്തായിരുന്നു റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിച്ചത്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണമാണ് നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ആണവകേന്ദ്രങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ചിരുന്നു.
റഷ്യയെ ക്രൈമിയയുമായി ബന്ധിപ്പിക്കുന്ന കെര്‍ച്ച് പാലം സ്‌ഫോടനത്തില്‍ തകര്‍ന്നതിന് പിന്നാലെയായിരുന്നു യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തിങ്കളാഴ്ച രാവിലെ നടന്ന സ്‌ഫോടനങ്ങള്‍. 84 ക്രൂയിസ് മിസൈലുകള്‍ റഷ്യ വര്‍ഷിച്ചുവെന്ന് യുക്രൈന്‍ സൈന്യം പറഞ്ഞു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ 26-നാണ് കീവില്‍ അവസാനമായി റഷ്യന്‍ ആക്രമണമുണ്ടായത്.