മുംബൈ: ശിവസേനയുടെ ചിഹ്നമായ ‘അമ്പും വില്ലും’ താൽക്കാലികമായി മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും ചിഹ്നത്തിനുവേണ്ടി അവകാശവാദം ഉയർത്തിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
ഉദ്ധവ് താക്കറെ പക്ഷത്തുനിന്നും എംഎൽഎമാരെ അടർത്തിമാറ്റി ബിജെപിയുമായി സഹകരിച്ച് ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ച് നാല് മാസത്തിനുശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. ഇതോടെ, മുംബൈ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും.
ആരാണ് യഥാർഥ ശിവസേന എന്ന് തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് താക്കറെ പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടപെടാൻ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് ചിഹ്നം മരവിപ്പിക്കാൻ കമ്മിഷൻ തീരുമാനിച്ചത്.