കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ 5 വർഷം മുമ്പ് ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങിയെന്ന പരാതിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശം നൽകിയത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരി അഞ്ച് വർഷ കാലമാണ് വേദന തിന്നത്. കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ്, മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. 2017 നവംബര്‍ 30 നാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വച്ച് പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. അതിന് ശേഷമാണ് യുവതിക്ക് കടുത്ത വേദന തുടങ്ങിയത്.
നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കത്രിക വയറിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് കുടുംബം പരാതി നൽകിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് തന്നെ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തത് 11 സെന്റീമിറ്റര്‍ നീളമുള്ള കത്രികയാണ്. മൂത്രസഞ്ചിയിലേക്ക് കത്രിക കുത്തിനിന്നതുമൂലം ആ ഭാഗത്ത് പഴുപ്പും നീരും വന്നതായിരുന്നു യുവതിയുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് കാരണം.