തിരുവനന്തപുരം: സിൽവര്‍ ലൈൻ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി.
ഡെപ്യൂട്ടി കളക്ടറും തഹസിൽദാറും അടക്കം 25 ഉദ്യോഗസ്ഥര്‍ക്കാണ് മുൻകാല പ്രാബല്യത്തോടെ കാലാവധി പുതുക്കി നൽകിയത്.
സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിനു ചുമതലപ്പെടുത്തിയ റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും.
അതേസമയം, സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിന് പഴയ ഏജൻസി മതിയെന്ന് നിയമവകുപ്പ്. ഇതിന് മന്ത്രിസഭയുടെ അനുമതി അഭികാമ്യമെന്നും നിയമവകുപ്പ് നിർദ്ദേശിച്ചു. പഴയ ഏജൻസികളെ നിയമിക്കാൻ മുഖ്യമന്ത്രി നേരത്തെ അനുമതി നൽകിയിരുന്നു.
സിൽവർലൈൻ സാമൂഹികാഘാത പഠനത്തിന് പഴയ ഏജൻസികളെ ചുമതലപ്പെടുത്തുന്നതിൽ തെറ്റില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിനെ തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിൽ ഫയലുകൾ പരിശോധിക്കുകയും അനുമതിയുണ്ടെന്ന കാര്യം നിയമവകുപ്പിനെ അറിയിക്കുകയും ചെയ്തു. നിയമവകുപ്പാണ് സർക്കാരിന് മുന്നിൽ പുതിയ നിർദ്ദേശം വെച്ചിരിക്കുന്നത്.
വിഷയത്തിൽ മന്ത്രിസഭാ അനുമതി കൂടി ഉണ്ടാകേണ്ടത് അഭികാമ്യമാണെന്ന് നിയമവകുപ്പ് സർക്കാരിനെ അറിയിച്ചു. സാങ്കേതികപരമായ എന്തെങ്കിലും പ്രശ്നങ്ങൾ ഭാവിയിൽ ഉണ്ടായാൽ അവയെ മറികടക്കാൻ വേണ്ടിയാണിതെന്നാണ് വിശദീകരണം. ഇതോടെ സംസ്ഥാനത്ത് സാമൂഹികാഘാത പഠനം നടത്തിയ ആറ് ഏജൻസികൾ തന്നെയായേക്കും പഠനം നടത്തുക. ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.