കൊച്ചി: പാലക്കാട് വടക്കഞ്ചേരിയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം പോലുള്ള സംഭവങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ഹൈക്കോടതി. അശ്രദ്ധ മൂലം വാഹനാപകടങ്ങള്‍ പതിവാകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇതിനെതിരെ നടക്കുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് മനസിലാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഹൈക്കോടതിയില്‍ ഇന്ന് ഹാജരായി. വടക്കഞ്ചേരി അപകടത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി കോടതിയിൽ ഹാജരായ ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് അറിയിച്ചു.
വടക്കഞ്ചേരിയിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ 9 പേരുടെ അപകട മരണം ഹൃദയഭേദകമാണെന്ന് കോടതി വ്യക്തമാക്കിയത്. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വ്യക്തമാക്കി. റോഡിൽ ഇനി ചോര വീഴരുത് എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും നഷ്ടമായ ജീവന് പകരമാകില്ല. റോഡ് സുരക്ഷയുടെ മുഴുവൻ ഉത്തരവാദിത്തവും റോഡ് സേഫ്റ്റി കമ്മീഷണർകൂടിയായ ട്രാൻസ്പോർട്ട് കമ്മീഷണർക്കാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
1.67 കോടി വാഹനങ്ങളാണ് റോഡിലുള്ളത്. ഉദ്യോഗസ്ഥരാകട്ടെ 368 പേരുമാണ്. എങ്കിലും ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. ബൈക്കുകളാണ് അപകടങ്ങളുണ്ടാക്കുന്നതിൽ ഏറിയ പങ്കുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ കോടതിയെ അറിയിച്ചു. എന്നിട്ടും അപകടങ്ങൾ കുറയുന്നില്ലല്ലോ എന്ന് ചോദിച്ച കോടതി റോഡിലിറങ്ങിയാൽ ബസുകളുടെ മത്സര ഓട്ടമാണ് കാണുന്നതെന്നും കുറ്റപ്പെടുത്തി. മിക്ക ബസ്സുകളുടെ ഉടമകളും അധികാര കേന്ദ്രവുമായി അടുത്ത് നിൽക്കുന്നവരാണെന്നും വിമർശിച്ചു. വാഹനങ്ങളുടെ അനുമതി വേഗതയടക്കം പരിശോധിച്ച് ശക്തമായ നടപടികൾ സ്വീകരിക്കുന്നഉണ്ടെന്ന് സർക്കാരും വ്യക്തമാക്കി.