തിരുവനന്തപുരം: എൻഡോസൽഫാൻ ദുരിതബാധിതർക്ക് നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്ന സാമൂഹ്യപ്രവർത്തക ദയാബായിയെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്നാണ് പോലീസ് ദയാബായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തിങ്കളാഴ്ച മുതലാണ് ദയാബായി സെക്രട്ടേറിയറ്റ് പടിക്കൽ തയ്യാറാക്കിയ പന്തലിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
എന്‍ഡോസള്‍ഫാന്‍ വിഷമഴയുടെ ദുരിതം പേറുന്ന ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കണെമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. ആറായിരത്തിലധികം വരുന്ന ദുരിത ബാധിതര്‍ അടിയന്തര സാഹചര്യങ്ങളിലും ആശ്രയിക്കുന്നത് മംഗളൂരു ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ആശുപത്രികളെയാണ്. ചികിത്സാ ചിലവായി ലക്ഷങ്ങളും. മാറി മാറി വന്ന സര്‍ക്കാരുകള്‍ ജില്ലയിലെ ജനങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചുവെന്നാണ് ദയാബായിയുടെ വിമര്‍ശനം.
ദുരിത ബാധിതരെ കണ്ടെത്തുന്നതിനായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ പുനരാരംഭിക്കുക, പ്രായപൂര്‍ത്തിയായ ദുരിത ബാധിതര്‍ക്ക് പകല്‍ ദിനചര്യ കേന്ദ്രങ്ങള്‍ ഒരുക്കുക, മെഡിക്കല്‍ കോളജ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക തുടങ്ങിയവയും സമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങളാണ്.