പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുക്കാൻ ഫോട്ടോഗ്രാഫർ നിലത്ത് കിടക്കുന്നതായി കാണിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കുന്നുണ്ട്. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുമ്പോൾ എടുത്ത ഫോട്ടോയാണ് പ്രചരിക്കുന്നത്. ഇത് മോദിയുടെ മാഹാത്മ്യം എന്ന നിലയിലാണ് സംഘപരിവാർ അനുകൂല ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ ചിത്രം വ്യാജവും മോർഫ് ചെയ്തതുമാണ്.
2022 ഒക്ടോബർ 2 ന് ഗാന്ധിയുടെ 153-ാം ജന്മദിനത്തിൽ രാജ്ഘട്ടിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഉൾപ്പെടെയുള്ളവർക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഈ പശ്ചാത്തലത്തിലാണ് മോർഫ് ചെയ്ത ചിത്രം പങ്കുവെച്ചിരിക്കുന്നത്.
കമന്റുകളില്ലാതെ എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവർത്തകൻ രവി നായർ വ്യാജ ഫോട്ടോ ട്വീറ്റ് ചെയ്തത്. നിരവധി ട്വിറ്റർ ഉപയോക്താക്കൾ ചിത്രം വ്യാജമാണെന്ന് നായർക്ക് മറുപടിയിൽ ചൂണ്ടിക്കാട്ടി.
ഫാക്ട് ചെക്ക്
ചിത്രത്തിന്റെ യാഥാർഥ്യം അറിയാൻ ഗൂഗിളിൽ ഒരു റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. എന്നാൽ ഇത് വ്യാജമാണെന്ന് ഇതോടെ വ്യക്തമായി. ഫോട്ടോഗ്രാഫറെ ചിത്രത്തിൽ മികച്ച രീതിയിൽ എഡിറ്റ് ചെയ്‌ത് ചേർത്തതാണെന്ന് ഇതോടെ വ്യക്തമായി.
പ്രധാനമന്ത്രി മോദി രാജ്ഘട്ടിൽ എത്തുന്നത് കാണുന്ന യഥാർത്ഥ ചിത്രം 2022 ഒക്ടോബർ 2 ന് പ്രധാനമന്ത്രിയുടെ തന്നെ ട്വിറ്റർ ഹാൻഡിൽ മറ്റ് രണ്ട് ചിത്രങ്ങളോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.
‘ഡൽഹിയിലെ ഗാന്ധി സ്മൃതിയിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു’ എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഇന്ത്യ (പിടിഐ) ക്രെഡിറ്റിംഗ് നൽകുന്ന ദി സിയാസത്ത് ഡെയ്‌ലിയും ചിത്രം പ്രസിദ്ധീകരിച്ചു. 2022 ഒക്ടോബർ 2-ന് അപ്‌ലോഡ് ചെയ്‌ത പിടിഐയുടെ ഫോട്ടോ ആർക്കൈവിൽ യഥാർത്ഥ ചിത്രവും കാണാം.
ചുരുക്കത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയെടുക്കാൻ നിലത്ത് കിടക്കുന്ന ഫോട്ടോഗ്രാഫറുടെ ചിത്രം വ്യാജമായി നിർമിച്ചതാണ്. യഥാർത്ഥ ചിത്രത്തിൽ മോദി മാത്രമാണുള്ളത്.