തിരുവനന്തപുരം: മൂന്നാം തവണയും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ. സംസ്ഥാന സമ്മേളനത്തിൽ മത്സരം ഇല്ലാതെയാണ് കാനം വീണ്ടും സെക്രട്ടറിയായത്. പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുർബലമായി.
വിമതപക്ഷത്തെ ഒതുക്കിയാണ് മൂന്നാം ടേമിൽ കാനംവീണ്ടും സെക്രട്ടറിയാകുന്നത്. കാനത്തോട് എതിർപ്പുള്ളവർ ഏറെയുണ്ടായിരുന്നെങ്കിലും ഏകീകൃത നേതൃത്വം ഇല്ലാതെ പോയത് വിമതപക്ഷത്തിന് തിരിച്ചടിയായി. സെൻട്രൽ എക്സിക്യൂട്ടീവ് അംഗമെന്ന നിലയിൽ പാർട്ടി കോൺഗ്രസ് കഴിയും വരെ കെഇക്ക് തുടരാം.
ജില്ലാ പ്രതിനിധികളിൽ നിന്ന് സംസ്ഥാന കൗൺസിലിലേക്ക് അംഗങ്ങളെത്തിയപ്പോൾ കാനം വിരുദ്ധ ചേരിയുടെ ശക്തികേന്ദ്രമായ ഇടുക്കിയൽ അവർ കരുത്ത് കാണിച്ചു. കാനം അനുകൂലിയായ ഇഎസ് ബിജിമോളെ ജില്ലാ പ്രതിനിധിപട്ടികയിൽ നിന്ന് ഒഴിവാക്കി.കൊല്ലത്ത് നിന്ന് ജിഎസ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും ഒഴിവാക്കപ്പെട്ടു. പ്രായപരിധി പദവി വിവാദങ്ങളിൽ പരസ്യ പ്രതികരണങ്ങൾ നടത്തിയവർക്കെതിരെ പക്ഷ ഭേദമില്ലാതെയാണ് ചർച്ചയിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചത്.