കോടിയേരിക്ക് ഇനി പാർട്ടിയുടെ ചരിത്രമുറങ്ങുന്ന മണ്ണിൽ അന്ത്യവിശ്രമം. പൂര്‍ണ്ണ ബഹുമതികളോടെയാണ് പയ്യാമ്പലം കടപ്പുറത്ത് ഇദ്ദേഹത്തിന്റെ സംസ്‍ക്കാരം നടന്നത്. മക്കളായ ബിനോയും ബിനീഷും ചേർന്ന് ചിതക്ക് തീകൊളുത്തി. ആയിരങ്ങളുടെ മുദ്രാവാക്യം വിളികളോടെ കോടിയേരിയെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.നായനാരുടെയും ചടയന്‍ ഗോവിന്ദന്‍റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിക്ക് അന്ത്യനിദ്ര ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എംവിജയരാജൻ, പിബി അംഗം വിജയരാഘവൻ അടക്കമുളള മുതിർന്ന നേതാക്കൾ രണ്ടര കിലോമീറ്ററോളം ദൂരം അഴിക്കോടൻ മന്ദിരത്തിൽ നിന്ന് വിലാപയാത്രക്ക് ഒപ്പം നടന്ന് നീങ്ങിയത്. ആയിരങ്ങളാണ് രണ്ട് ദിവസമായി കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. രാവിലെ പ്രവര്‍ത്തകരുടെ മുദ്രാവാക്യ അകമ്പടിയോടെയാണ് വിലാപയാത്ര വീട്ടിൽ നിന്ന് കണ്ണൂരിലെ ഓഫീസിലേക്ക് എത്തിച്ചത്. ഇടക്കുള്ള ഓരോ കേന്ദ്രങ്ങളിലേക്കും കവലകളിലേക്കും ജനം ഒഴുകിയെത്തി. നിറഞ്ഞ കണ്ണുകളുമായാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും ശക്തികേന്ദ്രത്തിലെ ഓരോ കവലകളും കോടിയേരിയെ കാത്തുനിന്നത്.