തിരുവനന്തപുരം : അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തിരുവനന്തപുരം സിറ്റി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉറൂബിനെയാണ് സസ്‌പെൻഡ് ചെയ്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കൊടിയേരിയെ അധിക്ഷേപിച്ചതിനെ തുടർന്നാണ് നടപടി.
ഉറൂബ് അംഗമായ പോത്തൻകോടുള്ള ഒരു സ്കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരി ബാലകൃഷ്ണനെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്. സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകി. നടപടി ആവശ്യപ്പെട്ട് സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു.
അതേസമയം കോടിയേരി ബാലകൃഷ്ണന്റെ പൊതുദർശനം തലശേരി ടൗൺഹാളിൽ തുടരുകയാണ്. പ്രിയസഖാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പതിനായിരങ്ങളാണ് ടൗൺഹാളിലേക്കെത്തുന്നത്. മൃതദേഹം ഇന്ന് മുഴുവൻ ഇവിടെ പൊതുദർശനത്തിന് വയ്ക്കും. നാളെ മൂന്ന് മണിയോടെ പയ്യാമ്പലത്താണ് സംസ്‌കാരം.