തിരുവനന്തപുരം: കാട്ടാക്കടയിൽ മകളുടെ മുന്നിൽ അച്ഛനെ മർദ്ദിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് അജികുമാറിനെയാണ് കസ്റ്റഡിയിൽ എടുത്തത്.
പന്നിയോട് നിന്നാണ് പ്രത്യേക അന്വേഷണ സംഘം അജികുമാറിനെ പിടികൂടിയത്. ഇതോടെ കേസിൽ പിടിയിലായ പ്രതികളുടെ എണ്ണം രണ്ടായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടാത്തതിൽ വിമർശനം ഉയർന്നിരുന്നു. മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കേസിൽ സെക്യൂരിറ്റി ജീവനക്കാരനായ സുരേഷ് കുമാറാണ് പിടിയിലായ മറ്റൊരു പ്രതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂട്ടുപ്രതികളെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പോലീസ് ആവശ്യം കാട്ടാക്കട കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയത്.